
തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിലായി. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ പിടിയിലായത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷം ഇയാളെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം. യാത്രക്കിടെ ശുചിമുറിയിൽ കയറിയ കൊല്ലം സ്വദേശി കൈയ്യിലുണ്ടായിരുന്ന ലൈറ്ററും സിഗരറ്റും പുറത്തെടുത്തു. സിഗററ്റ് കത്തിക്കാൻ ലൈറ്റർ കൊളുത്തിയതും വിമാനത്തിനുള്ളിൽ അപായ മുന്നറിയിപ്പ് ശബ്ദം മുഴങ്ങി.
പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ സിഗററ്റും ലൈറ്ററും സഹിതം പിടികൂടി. പുകവലിക്കാൻ ശ്രമിച്ചതാണെന്ന് ഇയാൾ ജീവനക്കാരോട് സമ്മതിച്ചു. വിമാനമിറങ്ങിയ ശേഷം വിമാനത്താവള അധികൃതർ ഇയാളെ വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരൻ്റെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam