കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഞ്ജലി, സഭ ആദരമർപ്പിച്ച് പിരിഞ്ഞു

By Web TeamFirst Published Jan 19, 2021, 6:52 AM IST
Highlights

ജനകീയനായ എംഎൽഎയെ ആണ് വിജയദാസിന്റെ വിയോഗത്തിലൂടെ പാലക്കാടിന് നഷ്ടമായത്. രണ്ട് തവണ കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കർഷകനുമായാണ് ജനമനസിൽ ജീവിച്ചത്
 

കൊച്ചി: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഞ്ജലി. മൃതദേഹം  പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കുന്നു. അൽപ്പ സമയത്തിനുള്ളിൽ എലപ്പുള്ളി ഗവ: സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. 9 മണിയോടെ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. 11 മണിക്ക് ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലാണ്  സംസ്കാരചടങ്ങുകൾ നടക്കുക.

ജനകീയനായ എംഎൽഎയെ ആണ് വിജയദാസിന്റെ വിയോഗത്തിലൂടെ പാലക്കാടിന് നഷ്ടമായത്. രണ്ട് തവണ കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കർഷകനുമായാണ് ജനമനസിൽ ജീവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയദാസ് വിടവാങ്ങുമ്പോൾ സിപിഎമ്മിന്റെ അപരിഹാര്യമായ നഷ്ടം. 

വികസനത്തിന് എന്നും വേറിട്ട വഴി കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവായിരുന്നു കെ വി വിജയദാസ്. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ ഏറ്റെടുത്ത് നടപ്പാക്കിയത്. ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുതപദ്ധതിയും മീൻവല്ലത്തേതായിരുന്നു. ഡിവൈഫ്ഐ രൂപീകരിക്കും മുമ്പ്, കെഎസ്‌വൈഎഫിലൂടെ , പൊതുപ്രവർത്തനരംഗത്ത്‌ വന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി. തുടർന്ന് പാലക്കാട് ജില്ല പഞ്ചായത്ത് രൂപീകരിക്കപ്പെട്ട 1995ൽ ജില്ല പഞ്ചായത്ത് പ്രസിഡന്റായി. 2011മുതലാണ് കോങ്ങാടിനെ പ്രതിനധീകരിച്ച് നിയമസഭയിലെത്തിയത്. പാലക്കാടിന്റ കായിക കുതിപ്പിന് സംഭാവന നൽകിയ പറളി സ്കൂളിൽ സ്പോർട് കോംപ്ലക്സ്, അട്ടപ്പാടിയിലെ ബ്രഹ്മഗിരി ചിക്കൻ ഫാം എന്നിവ അദ്ദേഹത്തിന്റ വേറിട്ട പദ്ധതികളിൽ ചിലത് മാത്രം. നിലവില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് വിജയദാസ്. കാർഷിക - സഹകരണ മേഖലയിലെ മികച്ച പ്രവർത്തകനെക്കൂടിയാണ് വിജയദാസിന്റഎ വിയോഗത്തോടെ പാലക്കാടിന് നഷ്ടമായത് 

 

click me!