
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ പാറമടക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ജൂൺ 30ന് അവസാനിച്ചതാണെന്നും ഇതിനെതിരെ മുൻപഞ്ചായത്ത് അംഗം ബിജി കെ വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 120 ഏക്കർ ഭൂമിയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ഹിറ്റാച്ചിയുടെ അടിയിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനായിട്ടില്ല. ഹിറ്റാച്ചി കൊണ്ട് നീക്കുന്ന ഭാഗത്ത് ഒരാളുണ്ടെന്ന സംശയം പൊലീസ് ഉയർത്തുന്നുണ്ട്.
ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ ബുദ്ധിമുട്ടി. അപകടമുണ്ടായ പാറമടക്കെതിരെ മുൻപ് പരാതി ഉയർന്നിട്ടുണ്ട്. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചതാണ്. പാറമടക്കെതിരെ പഞ്ചായത്ത് മുൻ അംഗം ബിജി കെ വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.