
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം. രാവിലെ ഏഴരയോടെ, പുത്തൂര്‍ ജങ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടമുണ്ടാക്കിയത്. പൂത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്ടമായത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവര്‍ ഉൾപ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.
വാഗമണ്ണിൽ ബസ് അപകടം
ഇടുക്കി: ഇടുക്കി വാഗമണ്ണിനു സമീപം പുള്ളിക്കാനത്ത് യാത്രക്കിടെ കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് നഷ്ടപെട്ടു. ഡ്രൈവർ അവസരോചിതമായി ഇടപെട്ട് ബസ് തിട്ടയിൽ ഇടിച്ചു നിർത്തിയതിനാൽ അപകടം ഒഴിവായി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായി പരിക്കേറ്റില്ല. കൊടും വളവുകളും കയറ്റിറക്കങ്ങളും കൊക്കയും ഉള്ള പാതയിലാണ് അപകടം. കുമളിയിൽ നിന്നും വാഗമൺ പുള്ളിക്കാനം വഴി തൊടുപുഴയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൻറെ ബ്രേക്ക് ആണ് തകരാറിലായത്.