
കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ഇദ്ദേഹത്തെ കാണാതായത് ഉത്തരവാദിത്വപ്പെട്ടവരുടെ അശ്രദ്ധകൊണ്ടാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിദേശത്ത് ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ, അവര്‍ നാട്ടിലെത്തിക്കഴിഞ്ഞാൽ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണം. മെന്‍റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. കളമശേരിയിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി സൂരജ് ലാമയുടെ മകനിൽ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട മകൻ ആണ് ഹര്‍ജി നൽകിയത്. മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ച സൂരജ് ലാമയെ എങ്ങനെയാണ് അവിടെ നിന്നും കാണാതായതെന്നെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. സൂരജ് ലാമയെ കാണാതായതിൽ ആര്‍ക്കാണ് ഉത്തരവാദിത്വമെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയെന്നത് അയാളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടിയാണെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജിൽ എത്തിയ സൂരജ് ലാമ എങ്ങനെയാണ് അവിടെ നിന്ന് പുറത്തേക്ക് പോയതെന്ന് ചോദിച്ച കോടതി ഇക്കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഉത്തരവാദിത്തപ്പെട്ടവർ വേണ്ടവിധത്തിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി. ആരെയെങ്കിലും ആരെങ്കിലും കൊന്നുകൊണ്ട് ഇട്ടാൽ എങ്ങനെയാണ് പൊലീസ് അറിയുകയെന്നും വെറു വെറുമൊരു ഹേബിയസ് കോർപ്പസ് ഹർജിയായി ഇതിനെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും കോടതി വിമര്‍ശനം ഉന്നയിച്ചത്.കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതുവരെ ഇത് സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിനിടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ കാണാതായത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് മെട്രോയുടെ ഫീഡര്‍ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ സൂരജ് ലാമ എത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നീട് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനുശേഷമാണ് സൂരജ് ലാമയെ കാണാതായത്. സൂരജ് ലാമ ആശുപത്രിയിലെത്തിയപ്പോഴും അതിനുശേഷവും ആശുപത്രി അധികൃതര്‍ക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam