കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ജിസ്മോളുടെ ഭർതൃപിതാവിന്റെ ശബ്ദ പരിശോധന നടത്തും

Published : May 16, 2025, 10:33 AM IST
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ജിസ്മോളുടെ ഭർതൃപിതാവിന്റെ ശബ്ദ പരിശോധന നടത്തും

Synopsis

മരിച്ച ജിസ്മോളുടെ ഭർത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.

കോട്ടയം: കോട്ടയം അയർക്കുന്നത് മക്കളുമൊത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതി ജോസഫിന്റെ ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തുക. മരിച്ച ജിസ്മോളുടെ ഭർത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.

ഒരു വയുസുള്ള നോറയേയും നാലു വയസുകാരി നേഹയേയും കൂട്ടി ജിസ്മോൾ ആറ്റിൽചാടി ജീവനൊടുക്കിയിട്ട് ഒരു മാസം തികയുന്നു. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് യുവതിയുടെ കുടുംബത്തിന്‍റെ ആക്ഷേപം. മരിച്ച ജിസ്മോളുടെ ഭർത്താവിന്‍റെ അമ്മയേയും സഹോദരിയേയും പ്രതി ചേർത്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് കുടുംബത്തിന്‍റെ പരാതി. കേസിൽ മറ്റൊരു ഏജൻസിയേ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

മൂന്ന് പേരുടേയും മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് തന്നെ ജിസ്മേളുടെ കുടുംബം ഭർത്താവ് ജിമ്മിക്കും മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ രംഗത്തെത്തിയിരുന്നു. ഭർത്താവിന്‍റെ വീട്ടിലെ ഗാർഹികപീഡനവും ഉപദ്രവുമാണ് യുവതിയേ മരണത്തിലേക്ക് തള്ളിവിട്ടതെന്നായിരുന്നു ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് ആത്മഹത്യ പ്രേരണയും ഗാർഹികപീഡനവും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഭർത്താവ് ജിമ്മി, ഇയാളുടെ അച്ഛൻ ജോസഫ്, അമ്മ ബീന, സഹോദരി ദീപ എന്നിവരാണ് പ്രതികൾ. കഴിഞ്ഞ മാസം 30ന് ജിമ്മിയേയും ജോസഫിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ  ബീനയേയും ദീപയേയും കസ്റ്റഡിയിലെടുത്തിട്ടില്ല. 

അന്വേഷണത്തിൽ പോരായ്മകളുണ്ടെന്ന് കാണിച്ച് ജിസ്മോളുടെ അച്ഛൻ തോമസ് സംസ്ഥാന പൊലീസ് മേധാവിക്കും വനിത കമ്മീഷനും പരാതി അയച്ചിട്ടുണ്ട്. പരാമവധി തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നാണ് പൊലീസ് വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ളതിനാലാണ് മൂന്നാം പ്രതിയായ അമ്മ ബീനയെ കസ്റ്റഡിയിലെടുക്കാത്തത്. വിദേശത്തുള്ള നാലാം പ്രതി ദീപയെ ലുക്ക് ഔട്ട്നോട്ടീസ് ഇറക്കി നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നതായും പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം