
കോഴിക്കോട്: കാര്‍ യാത്രികരെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസില്‍ യുവാക്കള്‍ പിടിയില്‍. തമിഴ്‌നാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം സ്വദേശി ഇരിക്കാലിപ്പറമ്പ് പ്രവീണ്‍(26), കൂട്ടാളി തെക്കേ കുന്നത്ത് മുഹമ്മദ് നിയാസ്(26) എന്നിവരെയാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. എലത്തൂര്‍ സ്വദേശി മുഹമ്മദ് മര്‍ഷൂക്കും സഹോദരനും കാറില്‍ പാവങ്ങാട് ഭാഗത്തു നിന്നും പൂളാടിക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണവും ആക്രമണവും. പാവങ്ങാട് യു.പി സ്‌കൂളിന് മുന്‍വശത്ത് പ്രവീണും നിയാസും സുഹൃത്തുക്കളും മറ്റൊരു കാറില്‍ എത്തി മര്‍ഷൂക്ക് സഞ്ചരിച്ച കാറിന്‍റെ പിന്നില്‍ ഇടിച്ച് നിര്‍ത്തിക്കുകയായിരുന്നു.
പുറത്തിറങ്ങിയ മര്‍ഷൂക്കിന്‍റെ സഹോദരന്‍റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപയും 33,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. തുടര്‍ന്ന് ഇരുവരും നല്‍കിയ പരാതിയില്‍ എലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രവീണിനെയും നിയാസിനെയും ചെട്ടികുളം ജെട്ടി റോഡിന് സമീപത്തു വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇരുവരെയും ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. നിലവില്‍ തമിഴ്നാട് മധുര ജില്ലയിലെ സെല്ലൂര്‍ പോലീസ് റിപ്പോട്ട് ചെയ്ത തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രവീണ്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam