
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച കേസിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. മെഡിക്കൽ കോളേജിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ പൊലീസ് ശേഖരിച്ചു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ പിന്നാലെയാണ് നടപടി. ഓഗസ്റ്റ് 31ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചെങ്കിലും നിർണായക ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ഹാര്‍ഡ് ഡിസ്ക് ആവശ്യപ്പെട്ട് പൊലീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയത് ഈ മാസം 16ന് മാത്രമായിരുന്നു.
പന്ത്രണ്ട് ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടാകൂവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. അതു കഴിഞ്ഞാല്‍ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് പതിയുമെന്നുമായിരുന്നു മറുപടി. സാധാരണ ഗതിയില്‍ ഇത്തരം അക്രമ സംഭവമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘം ചെയ്യുക. എന്നാല്‍ ഈ സംഭവത്തില്‍ അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ കോപ്പി ചെയ്തെടുത്തത്. ഇത് പക്ഷേ പ്രാഥമിക തെളിവായി കോടതി പരിഗണിക്കില്ലെന്നാണ് നിയമ വിദഗ്‍ധർ പറയുന്നത്.
ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് എസ്എച്ച്ഒ നിയോഗിച്ച സംഘം ഇന്ന് ആശുപത്രിയിലെത്തി ഹാർഡ് ഡിസ്ക്കുകൾ ശേഖരിച്ചത്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഹാർഡ് ഡിസ്ക്കുകൾ, ദൃശ്യങ്ങൾ വീണ്ടെടുക്കാനായി കണ്ണൂരിലെ ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞു പോയെന്ന് അന്വേഷണ സംഘത്തിന് മറുപടി ലഭിച്ചതിന് പിന്നാലെ, എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് മെഡിക്കല്‍ കോളേജ് അധികൃതരില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam