Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമം: പൊലീസിന് ഗുരുതര വീഴ്ച, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു

എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞു പോയെന്ന് അന്വേഷണ സംഘത്തിന് മറുപടി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഭാഗത്തിന്‍റെ ഈ നീക്കം

Kozhikode Medical college attack, Police fails to collect CCTV evidence
Author
First Published Sep 21, 2022, 11:46 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് തെളിവായി ശേഖരിക്കുന്നതിലാണ് പൊലീസിന് വീഴ്ച പറ്റിയത്. വൈകി ഹാര്‍ഡ് ഡിസ്ക്കിന് അപേക്ഷ നല്‍കിയതിനാല്‍ ദൃശ്യങ്ങള്‍ മാഞ്ഞ് പോയതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിന് രേഖാമൂലം മറുപടി നല്‍കി.

മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ അക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് സിസിടിവി ദൃശ്യങ്ങൾ എന്നിരിക്കെ ഇതിന്‍റെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കുന്നതിലാണ് പൊലീസ് അലംഭാവം കാട്ടിയത്. ഓഗസ്റ്റ് 31നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ, മെഡിക്കല്‍ കോളേജ്  ആശുപത്രി സൂപ്രണ്ടിനോട് സിസിടിവി ഹാര്‍ഡ് ഡിസ്ക് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് ഈ മാസം 16ന്. പന്ത്രണ്ട് ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടാകൂവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. അതു കഴിഞ്ഞാല്‍ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് പതിയുമെന്നുമായിരുന്നു മറുപടി. സാധാരണ ഗതിയില്‍ ഇത്തരം അക്രമ സംഭവമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘം ചെയ്യുക. എന്നാല്‍ ഈ സംഭവത്തില്‍ അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ കോപ്പി ചെയ്തെടുത്തത്. ഇത് പക്ഷേ പ്രാഥമിക തെളിവായി കോടതി  പരിഗണിക്കില്ലെന്നാണ് നിയമ വിദഗ്‍ധർ പറയുന്നത്.   

എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞു പോയെന്ന് അന്വേഷണ സംഘത്തിന് മറുപടി ലഭിച്ചതിനു പിന്നാലെയാണ് പ്രതിഭാഗത്തിന്‍റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് ഇനി പൊലീസിന് ചെയ്യാനുള്ളത്. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് മെഡിക്കല്‍ കോളേജ് അധികൃതരില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
 

Follow Us:
Download App:
  • android
  • ios