
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി നേതാവ് പഴകുളം മധു. പി ജെ കുര്യന്‍റെ വിമര്‍ശനം രാഹുൽ സൗകര്യമില്ലെങ്കിൽ സ്വീകരിക്കേണ്ടെന്ന് പഴകുളം മധു തുറന്നടിച്ചു. പി ജെ കുര്യന്‍റെ വിമർശനം സദുദ്ദേശപരമാണ്. അത് മൂന്നാം ദിവസം വാർത്തയായത് ആണ് അന്വേഷിക്കേണ്ടത്. കുര്യനെതിരായ മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണ് പഴകുളം മധു പറഞ്ഞു.
മഹിളാ കോൺഗ്രസ് നേതാവിന്‍റെ പോസ്റ്റ് തികച്ചും അനാവശ്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി നേതാക്കളെ ആക്രമിക്കുന്നവർക്കതിരെ ശക്തമായ നടപടി ആവശ്യമുള്ള കാര്യമാണ്. താഴെത്തട്ടിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തകർ സജീവമല്ല എന്നത് പൊതു വിമർശനമാണ്. പി ജെ കുര്യൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ലെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു എന്നും കുര്യൻ പറഞ്ഞു. സിപിഎം സംഘടനാ സംവിധാനം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.
സർവ്വകലാശാലയിലേക്ക് നടക്കുന്ന എസ്എഫ്ഐ സമരത്തെ പ്രതിപക്ഷ നേതാവ് അടക്കം പരസ്യമായി വിമർശിക്കുമ്പോഴായിരുന്നു കുര്യന്‍റെ പുകഴ്ത്തൽ. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയിലിരുത്തി കൊണ്ടുള്ള വിമർശനം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. പരസ്യമായി പറയേണ്ടതില്ലായിരുന്നു എന്ന അതൃപ്തി യുവ നേതാക്കൾ പങ്കുവെക്കുന്നു.