
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്ന് വി ആർ അനൂപിൻ്റെ വിമർശനം. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയോട് കാണിച്ച അനുഭാവപൂർണമായ സമീപനം കോൺഗ്രസ്, കെഎസ്‌യു നേതാക്കളും അർഹിക്കുന്നു എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി ആർ അനൂപ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവർക്ക് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്നാണ് കോൺഗ്രസ് നേതാവിൻ്റെ ആരോപണം.
"പി എം നിയാസ് എന്ന കെപിസിസിയുടെ ജനറൽ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇതുവരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും ആർ വി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണമായ സമീപനമെങ്കിലും കെപിസിസിയുടെ ജനറൽ സെക്രട്ടറിയോടും കെഎസ്‍യുവിൻ്റെ സംസ്ഥാന പ്രസിഡൻ്റിനോടും കാണിക്കേണ്ടതായിരുന്നു എന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ".
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam