മുതിർന്ന ശാസ്ത്രജ്ഞർ കൂട്ടമായി ഏജൻസി വിട്ട് സ്വകാര്യ കമ്പനികളിലേക്ക് ചേക്കേറുന്നു. ഗഗൻയാൻ അടക്കം പദ്ധതികളെ ആള്‍ക്ഷാമം ബാധിക്കുന്നതിനാൽ വിആർഎസ് അപേക്ഷകള്‍ക്ക് നിയന്ത്രണത്തിന് ശ്രമിക്കുകയാണ് ബഹിരാകാശ വകുപ്പ്.
വി ആർ എസിന് നിയന്ത്രണം
ഇരുപത് വർഷത്തിലേറെ അനുഭവ സമ്പത്തുള്ള മുതിർന്ന ശാസ്ത്രജ്ഞർ.ഗഗൻയാനടക്കം അഭിമാന പദ്ധതികളുടെ പിന്നണിയിലെ വിദഗ്ധർ. അങ്ങനെയുള്ളവർ സമീപകാലത്ത് കൂട്ടത്തോടെ വിആർഎസ് അപേക്ഷ നൽകിയതാണ് ഇസ്രൊയിൽ അപായ മണി മുഴക്കിയത്. പ്രതിസന്ധി ഗുരുതരമെന്ന് സമ്മതിക്കുന്നു ജൂലൈ പതിനാലിനിറങ്ങിയ അസാധാരണ ഓഫീസ് മെമ്മോറാണ്ടം. ഗ്രൂപ്പ് എ സയൻ്റിഫിക് ടെക്നിക്കൽ വിഭാഗത്തിലെ കൂട്ടക്കൊഴിഞ്ഞുപോക്ക് ഗഗൻയാനടക്കം പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നതിനാൽ ഇനി വിആർഎസ് അപേക്ഷകളെ സാധാരണമായി കണ്ട് പരിഗണിക്കേണ്ടെന്നാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. ഉദ്യോഗസ്ഥർ വിആർഎസ് അപേക്ഷ നൽകിയാൽ സെൻ്റർ മേധാവിമാർ അത് അംഗീകരിക്കുന്ന പതിവ് മാറ്റുന്നു. അപേക്ഷകള്‍ നേരെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കണം.സെൻ്റർ മേധാവിമാർ വിആർഎസ് അനുവദിക്കരുത്. പദ്ധതി പൂർത്തികരണം വരെ ആളുകളെ പിടിച്ചുനിർത്തണം. പല തലങ്ങളിലായി ഇസ്രൊയിൽ നിന്ന് എഞ്ചിനിയർമാർ കൊഴിഞ്ഞുപോകുന്ന പ്രതിഭാസം തുടങ്ങിയിട്ട് കുറച്ച് കാലമായെങ്കിലും കഴിഞ്ഞ മാസം ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യുആർഎസ്‌സിയിൽ നിന്ന് കൂട്ട വിരമിക്കൽ അപേക്ഷകളെത്തിയപ്പോഴാണ് ബഹിരാകാശ വകുപ്പ് മെമ്മോറാണ്ടം ഇ ഇറക്കേണ്ടി വന്നത്. യുആർഎസ് സിയിൽ നിന്ന് നൂറോളം പേരാണ് അപേക്ഷ നൽകിയത്
ഒരു കേന്ദ്രത്തിൽ മാത്രമല്ല.
വിഎസ്എസ്‍ സിയിൽ സുപ്രധാന റോക്കറ്റിൻ്റെ ചുമതലക്കാരനായി എത്തിയയാള്‍ കുറച്ച് മാസം മുൻപ് വിആർഎസ് എടുത്തു. ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ നിന്ന് യുവ ശാസ്ത്രജ്ഞരടക്കം രാജി വച്ചു. സ്വന്തം സ്റ്റാർട്ടപ്പുകള്‍ തുടങ്ങിയവരും, സ്റ്റാർട്ടപ്പുകളിലേക്കും എൽ ആൻഡ് ടി അടക്കം സ്വകാര്യ കമ്പനികളിലേക്ക് ചേക്കേറിയവരും ഏറെയാണ്. സ്വദേശി അറ്റോമിക് ക്ലോക്ക് വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ രാജ്യം വിട്ടിട്ടും അധികകാലമായില്ല. യുവ ശാസ്ത്രജ്ഞർ കുറച്ച് വർഷം ജോലി ചെയ്ത ശേഷം വിദേശത്തേക്ക് ചേക്കേറുന്നതും സ്വാഭാവികമാകുന്നു. നിലവിലെ നേതൃത്വത്തോടും രീതികളോടുമുള്ള അനിഷ്ടം മുതൽ കൂടുതൽ ഉയർന്ന പ്രതിഫലം വരെ പല കാരണങ്ങളാണ്. ഏജൻസി വിടുന്നവർ ചൂണ്ടിക്കാണിക്കുന്നത്. സമീപ കാല കൂട്ടക്കൊഴിഞ്ഞുപോക്കിന് നേതൃത്തിന് നേരെ വിരിൽ ചൂണ്ടുന്നവരും ഇസ്രൊയിലുണ്ട്. ആള്‍ക്കാമവും കൂടിയ ജോലിഭാരവും പലരെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുറച്ച് കാലമായി ഇസ്രൊയിൽ റിക്രൂട്ട്മെൻ്റെ മന്ദഗതിയിലാണ്. 2,383 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി പ്രത്യേക പാർലമെൻ്ററി സമിതി ഇക്കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇതിൽ 979 ഒഴിവുകള്‍ ശാസ്ത്രജ്ഞരും എഞ്ചിനയർമാരും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ വിഭാഗത്തിലാണ്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യാനാവാത്തതിനാൽ ഐഐടികളടക്കം മുൻനിര സ്ഥാപനങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാനാകുന്നില്ലെന്ന് മുൻ ഇസ്രൊ ചെയർമാന്മാർ തന്നെ മുന്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിനൊപ്പമാണ് നിലവിലെ കൊഴിഞ്ഞുപോക്കും. മെമ്മോറാണ്ടത്തെ ക്കുറിച്ച് ഇസ്രൊ ചെയർമാൻ ഡോ.വി.നാരായണനോട് പ്രതികരണം തേടിയെങ്കിലും അദ്ദേഹം മറുപടി നൽകിയിട്ടില്ല.
യുആർഎസ് സിയിൽ നിന്ന് നൂറോളം പേരാണ് വി ആർ എസ് അപേക്ഷ നൽകിയത്
