തിരൂരങ്ങാടി നഗരസഭയിൽ നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. സോഫ്‌റ്റ്‌വെയറിലെ വിവരങ്ങൾ തിരുത്തിയാണോ തട്ടിപ്പ് നടത്തിയതെന്നും ഇതിന് പിന്നിൽ ഉദ്യോഗസ്ഥർക്കോ ഇടനിലക്കാർക്കോ പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. സംഭവത്തിൽ പോലീസ് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പിന്നാമ്പുറം തേടി പ്രത്യേക സംഘം അന്വേഷണം നടത്തും. നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനനമരണ രജിസ്‌ട്രേഷന്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, സോഫ്‌റ്റ്‌വെയറിലെ വിവരങ്ങള്‍ എന്നിവ പരിശോധിക്കും.

ആദ്യഘട്ടത്തില്‍ ലഭിച്ച പരാതിയോടെയാണ് സംഭവത്തിന് തുടക്കമായത്. കരുമ്പില്‍ സ്വദേശിയുടെ പരാതിക്ക് പിന്നാലെ സമാനമായ ഏഴ് പരാതികള്‍ കൂടി ലഭിച്ചതോടെയാണ് ക്രമക്കേടിന്റെ വ്യാപ്തിയെക്കുറിച്ച് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടാത്ത വിവരങ്ങള്‍ ഉപയോഗിച്ച് ചില ജനന സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയതായി കണ്ടെത്തിയത്. നഗരസഭയുടെ സോഫ്‌റ്റ്‌വെയറില്‍ വിവരങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ആരാണ് ഇതിന് പിന്നിലെന്നും അന്വേഷണസംഘം പരിശോധിക്കും. പരാതികള്‍ ലഭിച്ചതിന് പിന്നാലെ യഥാര്‍ഥ രേഖകള്‍ പരിശോധിച്ച് ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്നും അവ ആര്‍ക്കൊക്കെയാണ് അനുവദിച്ചതെന്നും കണ്ടെത്തുന്നതിനൊപ്പം രേഖകളില്‍ മാറ്റം വരുത്താന്‍ നഗരസഭയുടെ സംവിധാനത്തില്‍ ആരെങ്കിലും അനധികൃതമായി ഇടപെട്ടിട്ടുണ്ടോയെന്നും സംഘം പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ, പുറത്തുനിന്നുള്ള ഇടനിലക്കാര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടാകും.

സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് പുറമെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭാ സെക്രട്ടറിക്കും പൊലീസിനും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘത്തിന്റെ പരിശോധന പൂര്‍ത്തിയാകുന്നതോടെ തിരൂരങ്ങാടിയിലെ ജനന സര്‍ട്ടിഫിക്കറ്റ് ക്രമക്കേടിന്റെ യഥാര്‍ഥ വ്യാപ്തിയും ഇതിന് പിന്നിലെ ഇടപെടലുകളും കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.