
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഏറ്റവും ഗുണം തലസ്ഥാന ജില്ലക്കാർക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 687 ഓർഡിനറി ബസുകളാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. അതേസമയം ഏറ്റവും കുറവ് ഓർഡിനറി ബസുകൾ ഓടുന്നത് മലപ്പുറം ജില്ലയിലാണ്, 98 എണ്ണം മാത്രം.
കെഎസ്ആർടിസിക്ക് സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളാണ് ഉള്ളത്. ഓർഡിനറി ബസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലത്താകെ 415 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം ജില്ലയിൽ 325 ബസുകളും കോഴിക്കോട് ജില്ലയിൽ 156 ബസുകളും കണ്ണൂർ ജില്ലയിൽ 205 ബസുകളുമാണ് സർവീസ് നടത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആണ് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സീറോ ടിക്കറ്റ് നൽകിയാകും സൗജന്യ യാത്ര അനുവദിക്കുക. എത്ര പേർ സൗജന്യ യാത്ര ചെയ്തുവെന്ന് കണക്കാക്കാൻ വേണ്ടിയാണ് സീറോ ടിക്കറ്റ് നൽകുന്നത്.
സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൗജന്യ യാത്ര ഉണ്ടാക്കുന്ന ബാധ്യത കെഎസ്ആർടിസിയുടെ ചുമലിലാകില്ലെന്നാണ് സർക്കാരിൻ്റെ പ്രതികരണം. സൗജന്യ യാത്രയെ തുടർന്നുവരുന്ന നഷ്ടം സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് ഗ്രാൻ്റായി നൽകാനാണ് തീരുമാനം. ഏകദേശം രണ്ട് കോടിയിലധികം രൂപ പ്രതിദിനം സർക്കാരിന് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam