
തിരുവനന്തപുരം : എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. തിരുവനന്തപുരത്തെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള 24 മണിക്കൂർ സർവീസ് ഉടൻ ആരംഭിക്കും. പുതുതായി എത്തിയ ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിലെത്തുന്നവരെ തമ്പാനൂർ ബസ് സ്റ്റാന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് തുടങ്ങുന്നത്.
ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഒരു ബസ് ടെർമിനലുകളിൽ എത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും. യാത്രാക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. 20 മുതൽ 50 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് ഈടാക്കില്ല. ടിക്കററ്റ് നിരക്കിൽ 10% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഹ്രസ്വദൂര സർവീസുകളിലേക്കുള്ള പ്രവേശനത്തിനും എയർ റെയിൽ സർക്കുലർ കാരണമാകും.
തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു(Antony Raju). ഈ വർഷത്തെ തിരുവോണം ബമ്പർ(Onam Bumper) ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആന്റണി രാജുവിന്റെ വാക്കുകൾ
സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു.