ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി.

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നുവെങ്കിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു(Antony Raju). ഈ വർഷത്തെ തിരുവോണം ബമ്പർ(Onam Bumper) ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശരൂപേണ മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആന്റണി രാജുവിന്റെ വാക്കുകൾ

സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തന്നിരുന്നു. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു. 

ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനം കൊടുക്കുന്ന ഓണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയത്. ഒന്നാം സമ്മാനം 25 കോടി രൂപ നല്‍കുന്ന ഭാഗ്യക്കുറിയുടെ മൂന്നാം സ്ഥാനം പത്ത് പേര്‍ക്ക് ഒരു കോടി രൂപവീതമാണ്. 

Onam Bumper 2022 : തട്ടിപ്പുകാർ പടിക്ക് പുറത്ത്; സുരക്ഷ കർശനമാക്കി ഓണം ബമ്പർ ലോട്ടറി, വിൽപ്പന 18 മുതൽ

25 കോടി രൂപയുടെ ഒന്നാം സമ്മാനം മാത്രമല്ല ഓണം ബംമ്പറിന്‍റെ 500 രൂപയ്ക്ക് വാങ്ങുന്ന ടിക്കറ്റിലുള്ളത്. രണ്ടാം സമ്മാനം 5 കോടി. മൂന്നാം സമ്മാനമാണ് പ്രധാന ആകര്‍ഷണം. 1 കോടി രൂപ വീതം പത്ത് പേര്‍ക്ക് കിട്ടും. നാലാം സമ്മാനം ഒരു ലക്ഷം 90 പേര്‍ക്കാണ് കിട്ടുക. പത്ത് സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുക. കഴിഞ്ഞ തവണ 12 കോടി രൂപയായിരുന്നു ഒന്നാം സ്ഥാനം. തിങ്കളാഴ്ചമുതല്‍ ടിക്കറ്റുകള്‍ ജനങ്ങളിലേക്കെത്തും.