ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച് കെ ടി ജലീൽ; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്

Published : Jun 03, 2026, 11:45 AM IST
kt jaleel with wife

Synopsis

മുൻ മന്ത്രി കെ ടി ജലീൽ സിപിഎം അംഗത്വം എടുത്തതായി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു. വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നും, താനും ഭാര്യയും പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം: തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമാകുന്നത് സമൂഹത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തിൽ സമാന സാഹചര്യം ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും പൊതുജീവിതത്തിൽ ധാർമ്മികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവരാണെന്ന വിലയിരുത്തലും ജലീൽ നടത്തി. അപവാദങ്ങൾ ഉണ്ടാകാമെങ്കിലും, തെറ്റുകൾ കണ്ടെത്തുമ്പോൾ അവരെ മാറ്റിനിർത്താൻ മടിക്കാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതവിശ്വാസികൾക്ക് സിപിഎം അംഗത്വം സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില വർഗീയ ശക്തികൾ നടത്തുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. ഹൈന്ദവ, മുസ്ലിം, ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് അകറ്റാനുള്ള ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസിയും കമ്മ്യൂണിസ്റ്റുകാരനും ഒരേസമയം ആകാൻ കഴിയുമെന്ന് നിരവധി വ്യക്തികൾ ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെയും ഭാര്യയുടെയും പാർട്ടി പ്രവേശനം വർഗീയതയ്ക്കും മതത്തിന്റെ പേരിലുള്ള ചൂഷണ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമാണെന്നും ജലീൽ വ്യക്തമാക്കി. പാർട്ടി പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ അതിനൊപ്പം നിൽക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതിനാലാണ് അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവാക്കൾ, പ്രവാസികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന വിശാല കൂട്ടായ്മയാണ് സിപിഎം എന്നും ആ കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ ഒരു വലിയ സാമൂഹിക ദൗത്യത്തിലാണ് താൻ പങ്കുചേരുന്നതെന്നും ജലീൽ കുറിപ്പിൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്
മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മുഹമ്മദലി; 40 വർഷം മുൻപ് നടത്തിയ കൊലപാതകങ്ങളിൽ പ്രതികരണം