തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം, 24 സീറ്റ് നേടി, തൃപ്പൂണിത്തുറയിൽ കേവലഭൂരിപക്ഷം നഷ്ടം

By Web TeamFirst Published May 18, 2022, 12:32 PM IST
Highlights

വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയിലും വെളിനെല്ലൂർ പഞ്ചായത്തിലും ഇടത് മുന്നണിക്ക്  കേവല ഭൂരിക്ഷം നഷ്ടമായി. തൃപ്പുണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തതോടെയാണ്  എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിവായപ്പോൾ ഇടത് മുന്നണിക്ക് മുൻതൂക്കം. 24 വാര്‍ഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 12 വാര്‍ഡുകൾ യുഡിഎഫ് നേടി. ആറിടത്ത് ബിജെപിക്കും വിജയിക്കാനായി. വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയിൽ ഇടത് മുന്നണിക്ക് കേവല ഭൂരിക്ഷം നഷ്ടമായി.  തൃപ്പുണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തതോടെയാണ് എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. വെളിനെല്ലൂരിൽ യുഡിഎഫ് ഇടതിന്റെ സീറ്റ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം ഇടതിൽ നിന്നും യുഡിഎഫിന് ലഭിച്ചു. കൊറ്റനാട് നറുക്കെടുപ്പിലൂടെ ഭരണം ഇടതിന് ലഭിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. 

കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാൽ കൗൺസില‍‍ര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

>

വാരപെട്ടി പഞ്ചായത്ത് മൈലൂർ വാർഡ് യുഡിഎഫും നിലനിർത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗൺസില‍ര്‍ മരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫിന്റെേത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോൾ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. 

'സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്, സിപിഎമ്മിന് തൃക്കാക്കരയിൽ മറ്റൊന്നും പറയാനില്ലേ'?സതീശൻ

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് വിജയിച്ചെങ്കിലും ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ എൽഡിഎഫിന് ഒരു പഞ്ചായത്തിന്റെ ഭരണം നഷ്ടമാകുമെന്നുറപ്പായി. യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽ നിന്ന് ഒന്നും വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എന്നാൽ വെളിനെല്ലൂർ പഞ്ചായത്തിലെ ഒരു സീറ്റിൽ യുഡിഎഫ് വിജയിച്ചു. മുളയറച്ചാൽ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി വട്ടപ്പാറ നിസാറാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഈ പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി. എട്ട്- എൽഡിഎഫ്, ഏഴ്- യുഡിഎഫ്, രണ്ട് ബിജെപി എന്നായിരുന്നു ഇവിടെ കക്ഷി നില. ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ സീറ്റ് നില എട്ട് -യുഡിഎഫ്, 7- എൽഡിഎഫ്, 2 -ബിജെപി എന്നായി. 

കെ.സുധാകരന്റെ വിവാദ പരാമർശം ഉയർത്തി എൽഡിഎഫ്; കൂളിമാട് പാലം തകർച്ചയിൽ വോട്ടു തേടി യുഡിഎഫും

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കെ കുന്നുമ്പ്രം എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ രമണി ടീച്ചർ 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി 91 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ 141 വോട്ട് നേടിയ ബിജെപിയുടെത് ഇത്തവണ 36 ആയി കുറഞ്ഞു. അതേ സമയം യുഡിഎഫിന്റെ വോട്ട് 295 ൽ നിന്ന് 420 ആയി ഉയർന്നു. അഴിമതി ആരോപണത്തെ തുടർന്ന് എൽഡിഎഫിലെ കെപി രാജാമണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്./p>

കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡായ പുല്ലാഞ്ഞിയോട് എൽഡിഎഫ് നിലനിർത്തി. 645 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ വി. രമ്യ വിജയിച്ചു. കഴിഞ്ഞ തവണ 400 വോട്ടായിരുന്നു ഇവിടെ എൽഡിഎഫിന്റെ ഭൂരിപക്ഷം. മാങ്ങാട്ടിടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നീർവേലി 19 വോട്ടിന് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ ഒമ്പതാം വാര്‍ഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി ലത ജയിച്ചു. കണ്ണൂർ കോർപറേഷനിലെ പത്താം വാർഡായ കക്കാട് യുഡിഎഫ് നിലനിർത്തി. ലീഗിലെ പി കൗലത്ത് 555 വോട്ടിന് വിജയിച്ചു. 

പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുന്ന് വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരു സീറ്റിൽ യുഡിഎഫും ജയിച്ചു. റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ വൃന്ദാവനം വാർഡിൽ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് 297 വോട്ടുകൾ വീതം കിട്ടി. നറുക്കെടുപ്പിൽ സിപിഐയിലെ റോബിൻ എബ്രഹാം ജയിച്ചു. കോന്നി പഞ്ചായത്തിലെ ചിറ്റൂർ വാർഡ് യുഡിഎഫ്‌ നിലനിർത്തി. 

പാലക്കാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫ് വിജയിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ കൂടല്ലൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മണികണ്ഠൻ  65 വോട്ടിന് വിജയിച്ചു. ബിജെപിയുടെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ചെർപ്പുളശ്ശേരി നഗരസഭ കോട്ടക്കുന്ന് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബിജീഷ് കണ്ണൻ 419 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോട്ടയം  ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 35 ആം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ബിജെപിയിലെ സുരേഷ് ആർ നായർ 83 വോട്ടുകൾക്കാണ് വിജയിച്ചത്. 35 അംഗ  മുനിസിപ്പാലിറ്റിയിൽ രണ്ടു സാതന്ത്രരുൾപ്പെടെ 15 പേരുടെ പിന്തുണയോടെ യുഡിഎഫാണ്  ഭരിക്കുന്നത്‌. ബിജെപിക്ക് ഏഴ് സീറ്റുകളുണ്ട്. 

ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിലും യുഡിഎഫും എൽഡിഎഫും  സീറ്റ് നിലനിർത്തി. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫിലെ എം വി സുനിൽ കുമാർ 134 വോട്ടുകൾക്ക് വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട് ഡിവിഷനിൽ എൽഡിഎഫിലെ  കെവി അഭിലാഷ് 634 വോട്ടിന് വിജയിച്ചു. രണ്ടിടത്തും ഇടത് മുന്നണിയാണ് ഭരണത്തിലുള്ളത്. 

മലപ്പുറം ആലംകോട് പഞ്ചായത്തിലെ എല്‍ഡിഎഫ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.പി പുരുഷോത്തമന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഏഴാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി പൂക്കെപുറം 215 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എല്‍ഡിഎഫ് 10 യുഡിഎഫ് 9 എന്നതാണ് നിലവിലെ കക്ഷിനില. വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 280 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം രാധാകൃഷ്ണന്‍ ജയിച്ചത്. എല്‍ഡിഎഫിന് 15 യുഡിഎഫിന് 8 എന്നതാണ് നിലവിലെ കക്ഷിനില. കണ്ണമംഗലം പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 279 വോട്ടിനാണ് യുഡിഎഫിലെ സി.കെ അമ്മദ് ജയിച്ചത്. യുഡിഎഫ് 16 എല്‍ഡിഎഫ് 3 എന്നതാണ് കണ്ണമംഗലം പഞ്ചായത്തിലെ കക്ഷിനില.

ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. .ഇടുക്കി അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്‌ ചേമ്പളം വാർഡ്എൽ ഡി എഫ് നില നിർത്തി. സിപിഐയിലെ ഷൈമോൾ രാജൻ 78 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫിന് 388 വോട്ടുകളും യുഡിഎഫിന്  310 വോട്ടുകളും ബിജെപിക്ക്  62 വോട്ടുകളും കിട്ടി. കേരളത്തിലെ ഏക ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11-ാം വാർഡിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണൻ 21 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ യുഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്ന വെള്ളാന്താനം വാർഡ് എൽഡിഎഫിലെ ജിൻസി സാജൻ 231 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. മൂന്ന് ഫലങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല. 

click me!