Asianet News MalayalamAsianet News Malayalam

കേരളത്തെ തകര്‍ക്കാൻ അവിശുദ്ധ കൂട്ടുകെട്ട്: യുഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി

ഏറ്റവും വലിയ ഉദാഹരണം ആണ് പൗരത്വ നിയമ ഭേദഗതി. അതിനെതിരെ ഏറ്റവും വലിയ ശബ്ദം ഉയര്‍ന്നത് കേരളത്തിൽ നിന്നാണ്. ഭരണഘടനാ സാധുത പോലും ചോദ്യം ചെയ്ത് പലരും രംഗത്തെത്തി

Pinarayi on CPIM web rally against UDF and BJP
Author
Thiruvananthapuram, First Published Dec 5, 2020, 6:25 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരളത്തെ തകർക്കാൻ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ചുകൊണ്ടാണ് പിണറായി വിജയൻ പ്രസംഗിച്ചത്. സംസ്ഥാന ഭരണം അട്ടിമറിക്കാൻ വൻ തോതിൽ പണവും അന്വേഷണ ഏജൻസികളേയും ഉപയോഗിക്കുന്നു. പണം കൊടുത്ത് ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്ത് പലേടത്തും ആവര്‍ത്തിക്കുന്നു.

എംഎൽഎമാരെ വിലക്കെടുത്ത് കേരളത്തിൽ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. അങ്ങനെ ഒരു ജീര്‍ണ്ണ സംസ്കാരം കേരളത്തിലില്ല. അതുകൊണ്ടാണ രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുന്നു. വര്‍ഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽഡിഎഫില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാൻ എൽഡിഎഫിന് കഴിയും. എന്നാൽ യുഡിഎഫിനോ ? വടകര മോഡൽ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്കരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നു.

ജമാ അത്തെ ഇസ്ലാമിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പോടെ മുസ്ലീം ലീഗിന് കിട്ടും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോൺഗ്രസിനും ലീഗിനും എതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാര്‍ട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്ത് ഉണ്ട്. യുഡിഎഫ് നേതാക്കൾ ആരെങ്കിലും ബിജെപിയെ നേരിയ തോതിൽ എങ്കിലും വിനര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബീജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവര്‍ക്കിടയിലുണ്ട്. സാധാരണ സാഹചര്യം അല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് തെരഞ്ഞെടുപ്പിലും പ്രതിപക്ഷം നിലവിലുള്ള സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന പൊതു ചോദ്യമാണ് സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന്. ആരെങ്കിലും പ്രതിപക്ഷം ഇത്തരമൊരു ചോദ്യം ചോദിച്ചതായി കേട്ടോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫും ബിജെപിയും മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളാരെങ്കിലും ഇത്തരം ഒരു ചോദ്യം ചോദിച്ചതായി കേട്ടോ? ഏറ്റവും ഒടുവിൽ നാട് ദുരിതത്തിലായത് കൊവിഡ് വന്നപ്പോഴാണ്. കൊവിഡ് ദുരിത കാലത്തും കേരളം ഇന്ത്യക്കും ലോകത്തിനാകെയും മാതൃകയായിരുന്നു. പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് നിറഞ്ഞൊഴുകിയത്. അതാണ് ഇടത് മുന്നണിയുടെ പ്രത്യേകത.

സൗജന്യ ചികിത്സ മുതൽ റേഷനും ഭക്ഷ്യക്കിറ്റും സാമൂഹിക ക്ഷേമ പെൻഷനും എല്ലാം എല്ലാവരുടേയും കൈകളിലെത്തി. ഇതെല്ലാം ജനങ്ങളുടെ അനുഭവമാണ്. അവരുടെ മുന്നിൽ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സര്‍ക്കാര് എന്ത് ചെയ്തെന്ന് ചോദിക്കാൻ ആര്‍ക്കെങ്കിലും കഴിയുമോ? വികസന രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റമാണ്  ഉണ്ടായിട്ടുള്ളത്. പശ്ചാത്തല സൗകര്യമൊരുക്കാൻ കിഫ്ബി , കേരളാ ബാങ്ക്, ഇതെല്ലാം കണ്ട് വിഭ്രാന്തിയിലായ യുഡിഎഫും ബിജെപിയും എന്തിനേയും എതിര്‍ക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ ഒക്കെ ഭിന്നിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. അതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും വലിയ ഉദാഹരണം ആണ് പൗരത്വ നിയമ ഭേദഗതി. അതിനെതിരെ ഏറ്റവും വലിയ ശബ്ദം ഉയര്‍ന്നത് കേരളത്തിൽ നിന്നാണ്. ഭരണഘടനാ സാധുത പോലും ചോദ്യം ചെയ്ത് പലരും രംഗത്തെത്തി. ജനാധിപത്യത്തിലും മതനിരപേക്ഷഥയിലും വിശ്വസിക്കുന്നവരെ അണിനിരത്താൻ ഇടത് സര്‍ക്കാര്‍ തയ്യാറായി. ഇത് ആര്‍എസ്എസിനും ബിജെപിക്കും ഇഷ്ടമാകില്ലെന്നത് സ്വാഭാവികമാണ്.

ഇടത് സര്‍ക്കാര്‍ ബദലിനായുള്ള പോരാട്ടത്തിലാണ്. കര്‍ഷക പ്രക്ഷോഭത്തിൽ ദില്ലി വിറങ്ങലിച്ച് നിൽക്കുന്നു. കര്‍ഷകരുടെ ഇച്ഛാശക്തിയാണ് അവിടെ പ്രകടമാകുന്നത്. ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികളെ ചെറുക്കുന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. അവരാണ് എൽഡിഎഫിന്‍റെ ശക്തി. എൽഡിഎഫിന്‍റെ അടിത്തറ വിപുലമായി. എൽജെഡി വന്നു. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിയിൽ വിശ്വസിക്കുന്നവര്‍ പോലും മാറി ചിന്തിക്കുന്ന അവസ്ഥയാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികളും വരുന്നു. എന്തിന് എൽഡിഎഫിന് എതിരെ നിൽക്കണം എന്ന് ചിന്തിക്കുന്ന അനേക ലക്ഷം ആളുകളുണ്ട്. ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ വമ്പിച്ച വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios