ലോക കേരള സഭ രണ്ടാം സമ്മേളനം ഇന്ന് അവസാനിക്കും

By Web TeamFirst Published Jan 3, 2020, 7:18 AM IST
Highlights

ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും. ഉച്ചയോടെ സമ്മേളനം പൂര്‍ത്തിയാകും.

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാംസമ്മേളനം ഇന്ന് സമാപിക്കും. സഭക്ക് നിയമപരിരക്ഷ നില്‍കുന്നതിനുള്ള കരട് നിയമത്തിന്‍റെ ഭേദഗതികളും അംഗങ്ങളുടെ നിർദ്ദേശങ്ങളും ഇന്ന് ചര്‍ച്ചയാവും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ബില്ല് നിയമസഭയുടെ പരിഗണനക്കയയ്ക്കും. 

ലോക കേരള സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും. ഉച്ചയോടെ സമ്മേളനം പൂര്‍ത്തിയാകും. പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തിന്‍റേയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നടന്നത്. 

ലോക കേരള സഭ ആർഭാടവും ധൂർത്തുമാണെന്നും വിശപ്പടക്കാൻ കുട്ടികൾ മണ്ണു തിന്നുന്ന സംസ്ഥാനത്താണ് കോടികൾ ചെലവാക്കി ധൂര്‍ത്ത് നടത്തുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഇതിനിടെ, യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനക്കത്തയച്ചത് വിവാദമായിരുന്നു. ലോക പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്നാണ് രാഹുൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നുത്. കത്ത് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിന് നന്ദി അറിയിക്കുകയും ചെയ്തതോടെ പ്രതിപക്ഷ വെട്ടിലായി.

പ്രതിരോധത്തിലായ പ്രതിപക്ഷം മുഖ്യമന്ത്രി രാഹുലിന്‍റെ മാന്യത പിണറായി വിജയൻ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് തിരിച്ചടിച്ചു. കത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം.

click me!