
ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കവെ കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ പ്രതിഷേധവുമായെത്തിയതിൽ രൂക്ഷ വിമർശനവുമായി കായംകുളം എം എൽ എ എം ലിജു രംഗത്ത്. ആരാധക വൃന്ദം ശാന്തരാകണമെന്നും ഒരു പൊടിക്ക് അടങ്ങണമെന്നുമാണ് ലിജു ആവശ്യപ്പെട്ടത്. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. നേതാക്കളെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല. എല്ലാ പരിധികളും സീമകളും ലംഘിച്ചുള്ളതാണ് ഇവിടെ നടന്ന പ്രതിഷേധങ്ങൾ. കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ രാഹുൽഗാന്ധി എടുക്കുന്ന തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കും. ഞങ്ങളുടെ വിശ്വാസം രാഹുൽഗാന്ധിയിലാണ്. ബി ജെ പിയും സി പി എമ്മും പോലും പറയാത്ത ആക്ഷേപങ്ങളാണ് നവമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്നത്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. നേരത്തെ തെരുവിലെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും കെ സി ജോസഫ് മുന്നറിയിപ്പ് നൽകി. അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു. തർക്കങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടാക്കുമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ടെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നവരുടെ ചേരികളാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കരുനീക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam