എം ശിവശങ്കര്‍ ഐസിയുവിൽ ; എത്തിച്ചത് കസ്റ്റംസ് വാഹനത്തിൽ, എൻഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ

By Web TeamFirst Published Oct 16, 2020, 7:29 PM IST
Highlights

ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് വാഹനത്തിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതും കരമനയിലെ സ്വകാര്യ ആശുപത്രിയിലാക്കിയതും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സ നൽകി വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവിൽ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്.നാളെ ആൻജിയോ ഗ്രാം നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട  പുതിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്താനായിരുന്നു നിര്‍ദ്ദേശം.  എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണിൽ മറുപടി നൽകി. തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തുകയായിരുന്നു. ഒപ്പം വരാൻ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടു,  കസ്റ്റംസ് വാഹനത്തിൽ കയറിയ എം ശിവശങ്കറിന് വാഹനത്തിന് അകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കസ്റ്റംസ് വാഹനത്തിൻ്റെ ഡ്രൈവറോട് രക്തസമ്മർദ്ദത്തിൻ്റെ ഗുളിക വാങ്ങി തരാൻ ആവശ്യപ്പെട്ടു. ഗുളിക വാങ്ങുന്നതിനിടെ കൂടുതൽ അസ്വസ്ഥ പ്രകടിപ്പിച്ച  എം ശിവശങ്കറിനെ ഇടപ്പഴഞ്ഞിയിലെ ആശുപത്രിയിലാക്കാൻ ശ്രമിച്ചെങ്കിലും ചികിത്സിക്കുന്ന ഡോക്ടര്‍ കരമനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നതിനാൽ അവിടേക്ക് എത്തിക്കുകയായിരുന്നു.  

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയിൽ എം ശിവശങ്കറിന്‍റെ വീട്ടിലെത്തിയിരുന്നു, കസ്റ്റംസ് വാഹനത്തിന് അകത്ത് വച്ചാണ്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചു . എം ശിവശങ്കറിനെ  ആശുപത്രിയിലെത്തിച്ചതും  കസ്റ്റംസ് വാഹനത്തിലാണ് . 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ കേസിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാൽ  അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുകയായിരുന്നോ അതോ ചോദ്യംചെയ്യൽ മാത്രമായിരുന്നോ എന്ന കാര്യത്തിലൊക്കെ വീണ്ടും വ്യക്തത ഇനിയും വരാനിരിക്കുന്നതേ ഉള്ളു . സാധാരണ സ്വന്തം വാഹനത്തിലാണ് എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാറുണ്ടായിരുന്നത്. എന്നാൽ എന്തിനാണ് കസ്റ്റംസ് വാഹനത്തിൽ എം ശിവശങ്കറിനെ കൊണ്ട് പോയത് എന്നതും നിര്‍ണ്ണായകമാണ് . 

കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. കാര്‍ഡിയാക് ഐസിയുവിൽ പ്രവേശിച്ചിപ്പിച്ച് എം ശിവശങ്കറിന് ഡോക്ടര്‍മാര്‍ ചികിത്സ നൽകി വരികയാണ്. നാളെ ആൻജിയോ ഗ്രാം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ശിവശങ്കറിന്‍റെ ആരോഗ്യാവസ്ഥ അറിയിക്കണമെന്ന ആവശ്യപ്പെട്ടാണ് കസ്റ്റംസ് ഉദ്യേഗസ്ഥര്‍ അടക്കമുള്ളവര്‍ ആശുപത്രിയിൽ നിന്ന് മടങ്ങിയത്. 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.  ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്ർറിന് മുന്നിൽ ഹാജരാകുകയും ചെയ്തിരുന്നു.

click me!