
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരായി ഉയർന്ന പരാതികളിൽ സർക്കാരിനെ കുറ്റപ്പെടുത്താതെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ പ്രതികരണം. കേരളത്തിൽ പൊലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിൻ്റെ നയത്തിന് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ പ്രാപ്തനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. ദൗർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്, പക്ഷെ പോലീസ് ഒരു സ്ഥിരം സംവിധാനം ആണെന്നും സിപിഎം നിയമിച്ചതല്ലെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു..
അതോടൊപ്പം രാജ്യ വ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. റഫറി ടീമിന് വേണ്ടി കളിക്കുന്ന പോലെയാണ് ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അപകടകരമായ സാഹചര്യമാണെന്നും, ഇന്ത്യ സഖ്യം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.