തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും. യുഡിഎഫിന്‍റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്.

ഭൂരിപക്ഷമില്ലെങ്കിലും മേ‌യർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും അറിയിച്ചിട്ടുണ്ട്. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സിപിഎമ്മിന്‍റെ മേ‌യർ സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്. പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി മുൻ മേയർ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനിയെയും വൈസ് പ്രസിഡന്‍റായി ബി പി മുരളിയെയും തീരുമാനിച്ചു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ഇന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ബിജെപിയിൽ ചർച്ചകൾ തുടരുകയാണ്. മേയര്‍ ആരാകുമെന്നതിൽ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. വി വി രാജേഷോ അതോ ആര്‍ ശ്രീലേഖയോ അതുമല്ലെങ്കിൽ മറ്റൊരു സര്‍പ്രൈസ് വ്യക്തി മേയര്‍ ആകുമോയെന്നതിലാണ് സസ്പെന്‍സ് തുടരുന്നത്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്.