
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ്, ഐപിഎസ് തലത്തിലെ മാറ്റത്തിലും സജീവ ചർച്ച. പിണറായി വിജയൻ സർക്കാരിൽ പ്രധാന പദവിയിലിരുന്ന പല മുതിർന്ന ഉദ്യോഗസ്ഥർക്കും സ്ഥാന ചലനം ഉണ്ടാകും. യോഗേഷ് ഗുപ്തയെ വീണ്ടും വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കവുമുണ്ട്.
മുഖ്യൻ ആരായാലും പൊതുഭരണത്തിലും പൊലീസിലും സമഗ്ര അഴിച്ചുപണി ഉറപ്പ്. അടുത്ത മാസം 30ന് ചീഫ് സെക്രട്ടറി ജയതിലക് വിരമിക്കും. സീനിയർ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ്. സിൻഹയോട് യുഡിഎഫിന് വലിയ താൽപര്യമില്ല. സിൻഹയുടെ അതേ ബാച്ചിൽപ്പെട്ട സഞ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരികെ എത്തിച്ച് മനോജ് ജോഷിയെ ചീഫ് സെക്രട്ടറിയാക്കാനും ആലോചനയുണ്ട്. സിൻഹക്ക് ആഭ്യന്തരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കെ എം എബ്രഹാമിനെതിരായ അധികൃത സ്വത്തു സമ്പാദന കേസിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐക്ക് കൈമാറിയതിന് വിജിലൻസ് ഡയറക്ടർ സ്ഥനത്തു നിന്നും മാറ്റിയ യോഗേഷ് ഗുപ്തയെ തിരികെ കൊണ്ടുവരണമെന്നാണ് ചില ഉദ്യോഗസ്ഥരുടെ താൽപര്യം. ഗുപ്ത വിജലൻസ് ഡയറക്ടായി മടങ്ങിയെത്തുമെന്ന സൂചനയുമായി ബി അശോക് ഐഎഎസുകാരുടെ ഗ്രൂപ്പിൽ കമന്‍റിട്ടു.
കുറച്ചുകാലമായി ക്രമസമാധാനത്തിന്‍റെയും ക്രൈം ബ്രാഞ്ചിന്‍റെയും ചുമതല എഡിജിപി എച്ച് വെങ്കിടേഷനാണ്. ഇൻറലിജൻസിൽ നിന്ന് പി വിജയൻ ക്രമസമാധന ചുമതലയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇന്‍റലിജന്‍സിലേക്ക് എഡിജിപി ദിനേന്ദ്ര കശ്യപ് എത്തിയേക്കും. പൊലീസ് ആസ്ഥാന എഡിജിപിയായി ഗുഗുലത്ത് ലക്ഷ്മണയെ കൊണ്ടുവരാൻ നീക്കമുണ്ട്. രണ്ടു മാസം മുമ്പ് ചേർന്ന് കമ്മിറ്റി യോഗം എം ആർ അജിത് കുമാറിൻെറ സ്ഥാനകയറ്റം പരിഗണിച്ചില്ല. വിജിലൻസ് കേസായിരുന്നു കാരണം. ഇനി ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി അജിത് കുമാറിനെ പരിഗണിക്കുമോ, സ്ഥാനകയറ്റം നൽകുകയാണെങ്കിൽ എന്ത് തസ്തികയിൽ നിയമിക്കും എന്നത് ശ്രദ്ധയമാകും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam