
ദില്ലി/ കോഴിക്കോട്: ദില്ലിയില്‍ പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥൻ കെ ബിനീഷിൻ്റെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വടകരയിലെ വീട്ടിൽ പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം. കടുത്ത ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ബിനേഷിന് ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ദില്ലിയിൽ കനത്ത ചൂട് ഉണ്ടായിരുന്നിട്ടും മുൻ കരുതൽ സ്വീകരിക്കാത്തിരുന്നതാണ് ബിനേഷിൻ്റെ ജീവൻ എടുക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. രാജസ്ഥാന് ശേഷം ദില്ലിയിലും ചൂട് ഇന്ന് 50 ഡിഗ്രിയിലെത്തി. നോർത്ത് ദില്ലിയിലെ മുൻഗേഷ്പൂരിൽ 52.3 ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. അതിനിടെയാണ് കടുത്ത ചൂട് ഉണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങൾ ദില്ലിയിലെ ഒരു മലയാളിയുടെയും ജീവനെടുക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വസീറാബാദിൽ തുടങ്ങിയ ദില്ലി പൊലീസിന്റെ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന ബിനേഷാണ് മരണപ്പെട്ടത്. ഇന്നലെ മുതൽ ബിനേഷിന് നിർജലീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
അതിനിടെ, ബീഹാറിലെ സർക്കാർ സ്കൂളിൽ ചൂട് മൂലം 7 വിദ്യാർത്ഥികൾ കുഴഞ്ഞ് വീണു. സ്കൂൾ അസംബ്ലിക്കിടെയായിരുന്നു സംഭവം. കടുത്ത ചൂടിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്ത ബീഹാർ സർക്കാരിന്റെ നടപടിയും സംഭവത്തോടെ വലിയ വിമർശനം നേരിടുകയാണ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.