അപകടത്തിൽ വിരലുകളുടെ ചലനശേഷി പോയ പ്രവാസിക്ക് ക്ഷേമ ബോർഡ് നൽകിയത് 600 രൂപ!

By Kiran GangadharanFirst Published Jan 28, 2022, 9:29 AM IST
Highlights

ചന്ദ്രബാബു 18 വര്‍ഷം പ്രവാസിയായി ജോലി ചെയ്തു. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഭാര്യയോടൊപ്പം കരമനയ്ക്കടുത്ത് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കഴിയുകയാണ് ഇപ്പോൾ

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് രണ്ട് കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പ്രവാസിക്ക് എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും പ്രവാസി ക്ഷേമ ബോര്‍ഡ് ചികില്‍സാ സഹായമായി കൊടുത്തത് വെറും 600 രൂപ. 18 വര്‍ഷം പ്രവാസിയായി ചോര നീരാക്കിയ തനിക്ക് ജീവിതത്തില്‍ ഒരു ബുദ്ധിമുട്ട് വന്നപ്പോള്‍ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശി ചന്ദ്രബാബു ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

ചന്ദ്രബാബു 18 വര്‍ഷം പ്രവാസിയായി ജോലി ചെയ്തു. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഭാര്യയോടൊപ്പം കരമനയ്ക്കടുത്ത് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ കഴിയുകയാണ് ഇപ്പോൾ. അഞ്ച് വർഷം മുൻപ് ഇരുചക്രവാഹനം വന്നിടിച്ച് കാലിന്‍റെ എല്ലുപൊട്ടി കിടപ്പിലായിയിരുന്നു. എഴുന്നേറ്റ് നടക്കാനായപ്പോള്‍ മരത്തില്‍ വിഗ്രഹം കൊത്തുന്ന ജോലി ചെയ്തുതുടങ്ങി.

ഈ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തില്‍ കുരുങ്ങിയാണ് രണ്ട് വിരലുകൾ അറ്റുപോയത്. ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ദിവസങ്ങളോളം ചികിത്സിച്ചു. വിരലുകള്‍ തുന്നിച്ചേര്‍ത്തെങ്കിലും ചലനശേഷി ലഭിച്ചില്ല. തൊഴില്‍ ചെയ്ത് ജീവിക്കാനാവാത്ത സ്ഥിതിയായി.

എല്ലാ വഴികളും അടഞ്ഞതോടെയാണ് നോര്‍ക ഓഫീസിന്‍റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ബോര്‍ഡിന്‍റെ ഓഫീസിലെത്തുന്നത്. രേഖകളെല്ലാം സംഘടിപ്പിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചികില്‍സാ സഹായത്തിനായി അപേക്ഷിച്ചു. വാങ്ങിയ മരുന്നുകളുടെ ബില്ലും തുടര്‍ന്ന് നടത്തേണ്ട ചികില്‍സയുടെ ചെലവും എല്ലാം ചേര്‍ത്ത് 40000 രൂപയ്ക്കാണ് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം വരെ പണം എപ്പോൾ കിട്ടുമെന്ന് അറിയാൻ അഞ്ച് തവണ ഓഫീസില്‍ നേരിട്ട് പോയി. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് 600 രൂപ ചികിത്സാ സഹായം പാസായെന്ന് അറിഞ്ഞത്.

നിറകണ്ണുകളോടെയാണ് ബാങ്കിലേക്ക് പോയത്. ആ പണം തനിക്ക് വേണ്ടെന്നും തിരിച്ച് അതേ അക്കൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുത്തോളൂവെന്നും പറഞ്ഞ് ബാങ്കില്‍ നിന്നും മടങ്ങി. വാങ്ങിയ മരുന്നിന്‍റെ ബില്ല് മാത്രമേ ചികിത്സാ സഹായം കിട്ടാന്‍ വകുപ്പുള്ളൂ എന്നാണ് പ്രവാസി ക്ഷേമ ബോർഡ് സിഇഒ വ്യക്തമാക്കിയത്.
 

click me!