കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി; കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയത് വഴിത്തിരിവായി

By Web TeamFirst Published Jan 28, 2022, 8:28 AM IST
Highlights

ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്.   റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് കുട്ടികളെ കാണാതായത്. 

ബെം​ഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ (Children's Home) നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെം​ഗളരൂവില്‍ നിന്ന്  കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മ. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ആറുപെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പേരും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.

പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേവായൂര്‍ പൊലീസിന് കിട്ടിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മടവാളയിലെ സ്വകാര്യ ഹോട്ടലില്‍ റൂമെടുക്കാനായെത്തിയ പെണ്‍കുട്ടികളെ ഒരു വിഭാഗം മലയാളികള്‍ കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഒരാളെ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. 

പെണ്‍കുട്ടികളെ കണ്ടെത്താനായി കോഴിക്കോട് സിറ്റി പൊലീസ് ബെം​ഗളൂരുവിലേക്ക് തിരിച്ചു. അതിനിടെ വെളളിമാട് കുന്ന് ബാലികാ മന്ദിരത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

click me!