കനത്ത മഴ തടസ്സമായി: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല തുറന്നിട്ടും ഭക്തർ കുറവ്

By Asianet MalayalamFirst Published Nov 16, 2021, 2:19 PM IST
Highlights

കൊവിഡിന് പിന്നാലെ കാലവസ്ഥ കൂടി പ്രതികൂലമായ കാലത്താണ് ശബരിമല തീർത്ഥാടനം തുടങ്ങുന്നത്. ഇന്ന് പുലർച്ചെ നാല് മണി മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തർ എത്തിത്തുടങ്ങി. ദേവസ്വം മന്ത്രിയുടെ നേത്യത്വത്തിൽ സന്നിധാനത്ത് ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പമ്പ സ്നാനവും പരമ്പരാഗത പാതയിലൂടെയുള്ള യാത്രയും പുനസ്ഥാപിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാവും.

കൊവിഡിന് പിന്നാലെ കാലവസ്ഥ കൂടി പ്രതികൂലമായ കാലത്താണ് ശബരിമല തീർത്ഥാടനം തുടങ്ങുന്നത്. ഇന്ന് പുലർച്ചെ നാല് മണി മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പതിനായിരത്തിൽ താഴെ ആളുകളാണ് ഇന്ന് ബുക്ക് ചെയ്തത് ഇതിൽ പകുതിയിൽ അധികം പേരും രാവിലെ തന്നെയെത്തി. തീർത്ഥാടകർക്ക് സന്നിധാനത്ത് വിരിവയ്ക്കൻ അനുവാദമില്ലാത്തതിനാൽ പരാമാവധി വേഗത്തിലാണ് ദർശനം നടത്തി മടങ്ങുന്നത്. ദർശനത്തിന് എത്തിയവരിലധികവും ഇതര സംസ്ഥാനക്കാരാണ്. 

ആദ്യ ദിവസം ബുക്ക് ചെയ്തവരിൽ പ്രതീക്ഷിച്ചത്ര ആളുകൾ ദർശനത്തിന് വന്നില്ലെന്ന് ദേവസ്വം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇരുപത് മുതൽ കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായതോടെ പലകാര്യങ്ങളും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഈ വർഷത്തെ തീർത്ഥാടനം സുരക്ഷിതമാക്കാനാണ് മുൻഗണനയെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാം അതിജീവിച്ച് തീർത്ഥാടനം നടത്താൻ കഴിയുമെന്നും ശബരിമലയിൽ കൂടുതൽ ബയോടോയ്ലറ്റുകൾ തുറക്കാൻ ക്രമീകരണമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ മുതൽ നിലയ്ക്കലെത്തിയ ഭക്തരെ രാവിലെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം കെഎസ്ആർടിസി ബസിലാണ് പമ്പയിലെത്തിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ആദ്യ മൂന്ന് ദിവസം പമ്പ സ്നനത്തിന് അനുമതി ഇല്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , പ്രസിഡൻ്റ് കെ. അനന്തഗോപൻ, എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ.യു.ജനീഷ് കുമാർ എന്നിവർ ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി. രാവിലെ മന്ത്രിയുടെ നേതൃത്വത്തിൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ദിവസങ്ങളിൽ മഴ മാറി നിന്നാൽ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകും. ഇതോടെ അനുവദിക്കപ്പെട്ട ഭക്തരിൽ പരാമവധി ഭക്തർ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. 

click me!