
വയനാട്: വയനാട് മാനന്തവാടിയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അലീനയെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള പിതാവിന്‍റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് കുടുംബത്തിനൊപ്പം അലീന ഇവിടെ എത്തിയത്. മരിച്ചനിലയിൽ കണ്ടെത്തുന്നതിന് തൊട്ടുതലേ ദിവസം പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. കുടുംബം പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നും അയൽവാസികൾ പറയുന്നു.
എന്നാൽ അലീനയ്ക്ക് കുറച്ചുദിവസങ്ങളായി കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വീട്ടിൽ നിന്ന് ഇറങ്ങിഓടി അസ്വഭാവികത പ്രകടിപ്പിച്ചതോടെ മുറിയിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് കുടുംബം പൊലീസിന് നൽകിയ മൊഴി. രാവിലെ കതക് തുറന്നു നോക്കിയപ്പോൾ അലീനയ്ക്ക് ബോധമുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും കുടുംബം പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ പൂർണ്ണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam