ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി വാങ്ങൽ കരാർ കെഎസ്ഇബിക്ക് നഷ്ടമുണ്ടാക്കിയെന്ന 2024ലെ വിജിലൻസ് റിപ്പോർട്ട് നിലവിലെ വൈദ്യുതി പ്രതിസന്ധിക്കിടെ ചർച്ചയാകുന്നു. ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തുവെന്നും ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചുവെന്നും റിപ്പോർട്ട് കണ്ടെത്തി.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള രാഷ്ട്രീയപോരിനിടെ ചർച്ചയായി മുൻ വിജിലൻസ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന യുഡിഎഫ് കാലത്തെ 465 മെഗാ വാട്ട് വൈദ്യുതി വാങ്ങൽ കരാർ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും കേന്ദ്ര അനുമതി ഇല്ലാതെ ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങൾ അടങ്ങിയ വിജിലൻസ് റിപ്പോർട്ട് 2024ലാണ് നൽകിയത്. ഗുരുതര കൃത്യവിലോപം കാട്ടിയ കെഎസ്ഇബി മുൻ ചെയർമാൻ അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ശുപാർശ ചെയ്തിരുന്നു. 465 മെഗാ വാട്ട് കരാർ റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി കടക്കാമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി ഉൾപ്പടെ വാദിക്കുമ്പോഴാണ് വിജിലൻസിന്റെ പ്രാഥമികാ അന്വഷണ റിപ്പോർട്ടും ചർച്ചയാകുന്നത്.
കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷൻ ആണെന്നും വൈദ്യുതി നഷ്ടമാകാതിരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയികുന്നു. 2013 ലാണ് കെ എസ് ഇ ബി 850 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് താപനിലയങ്ങളിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ടെൻഡർ 400 മെഗാ വാട്ടിനും രണ്ടാമത്തേത് 450 മെഗാ വാട്ടിനുമായിരുന്നു ക്ഷണിച്ചത്. പക്ഷേ രണ്ടിലും പങ്കെടുത്തത് ഒരേ കമ്പനികൾ. ആദ്യ ടെൻഡർ 2014 ഒക്ടോബർ 31ന് തുറന്നു. കുറഞ്ഞ നിരക്ക് യൂണിറ്റിന് മൂന്നു രൂപ 60 പൈസ. വാഗ്ദാനം 200 മെഗാ വാട്ടായിരുന്നു. രണ്ടാമത്തെ നിരക്ക് യൂണിറ്റ് നാല് രൂപ 15 പൈസ. വാഗ്ദാനം 115 മെഗാ വാട്ട്. ഈ കമ്പനിയെ മൂന്നു രൂപ 60 പൈസ നിരക്കിലേക്ക് താഴെ കൊണ്ടുവരാൻ ചർച്ച നടക്കുന്നതിനിടെ രണ്ടാമത്തെ ടെൻഡർ തുറന്നു.
2014 നവംബർ 14ന് കുറഞ്ഞ നിരക്ക് യൂണിറ്റിന് നാല് രൂപ 29 പൈസ നിശ്ചയിച്ചു. ഇതിന് പിന്നാലെ ആദ്യ ടെൻഡറിലെ നിരക്ക് കുറയ്ക്കൽ ചർച്ച വിഫലമായി. പക്ഷേ ഊർജ്ജ മന്ത്രാലയത്തിന്റെ ബിഡ് വ്യവസ്ഥ മറി കടന്നായിരുന്നു കരാർ. യൂണിറ്റിന് നാല് രൂപ 15 പൈസ പറഞ്ഞ കമ്പനിയുമായി കരാർ ഉണ്ടാക്കി. രണ്ടാമത്തെ ബിഡിൽ ഉയർന്ന നിരക്ക് പറഞ്ഞ നാലു കമ്പനികളെ നാലു രൂപ 29 പൈസ എന്ന നിരക്കിൽ എത്തിച്ചു. ടെൻഡർ വിളിച്ചത് 450 മെഗാ വാട്ടിനായിരുന്നു എങ്കിൽ 550 മെഗാ വാട്ടിന് കരാർ ഉണ്ടാക്കി. മൊത്തം ടെൻഡർ വിളിച്ചതിനെ കാൾ 15 വാട്ട് അധികം വാങ്ങാൻ കരാർ. സംസ്ഥാന സർക്കാരിന്റെ അനുമതിയും കിട്ടി.
എന്നാൽ ഇതെല്ലാം ടെൻഡർ വ്യവസ്ഥ കൾക്കും കേന്ദ്ര നിബന്ധനകൾക്കും വിരുദ്ധം എന്നാണ് വിജിലൻസ് കണ്ടെത്തൽ. രണ്ട് ബിഡിലെയും കുറഞ്ഞ നിരക്ക് പറഞ്ഞ കമ്പനികൾ ഒഴികെയുള്ള വരെ തെരഞ്ഞെടുത്ത് കരാറുണ്ടാക്കിയത് നിബന്ധനകൾ പാലിക്കാതെയാണെന്നും പറയുന്നു. ദീർഘകാല ഇടപാടിൽ കമ്മീഷൻ അംഗീകാരം വാങ്ങാതെ കരാർ ഉണ്ടാക്കരുത് എന്ന വ്യവസ്ഥയും ലംഘിച്ചു. കേന്ദ്രത്തിന്റെയോ റെഗുലേറ്ററി കമ്മീഷന്റെയോ അനുമതി വാങ്ങാതെയാണ് വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചത്. മുൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തു. ഉദ്യോഗസ്ഥർക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടായിരിക്കാമെന്നും പറയുന്നു. ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾക്കാണ് വിജിലൻസ് 2024 ൽ ശുപാർശ ചെയ്തത്.
