
കൊല്ലം: തമിഴ്‍നാട് കേരള അതിര്‍ത്തിപ്രദേശമായ കുളത്തൂപ്പുഴ അതീവ ജാഗ്രതയില്‍. പ്രദേശവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. നിരവധിപേരുമായി രോഗബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയത് ആശങ്ക ഉയര്‍ത്തുന്നതാണ്. യുവാവിന്‍റേത് വിപുലമായ സമ്പര്‍ക്ക പട്ടികയായതിനാല്‍ ജനപ്രതിനിധികള്‍ അടക്കം അമ്പതിലേറെ പേര്‍ നിരീക്ഷണത്തിലാണ്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ 31 കാരന് തമിഴ്‌നാട് പുളിയൻകുടിയിൽ നിന്ന് വന്ന ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വലിയ രീതിയില്‍ വ്യാപിച്ച പ്രദേശമാണ് പുളിയൻകുടി. ഇയാൾ യാത്രാ വിവരം മറച്ചുവച്ച് പ്രദേശത്തെ ആളുകളുമായി ഇടപഴകിയിരുന്നു. അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോവുകയും, ചായക്കടയില്‍ പോവുകയും ചെയ്തിട്ടുണ്ട്. രോഗി നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതോടെ കൊല്ലം കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാൽ നടയായും പച്ചക്കറി ലോറിയിലുമാണ് യുവാവ് അതിര്‍ത്തി കടന്ന് പോയത് . അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് . ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. ഈ യുവാവ് ഉൾപ്പെടെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam