'താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്നാണ് ജോസിന്‍റെ നിലപാട്'; തെറ്റ് തിരുത്തിയാല്‍ തിരിച്ചുവരാമെന്ന് പി ജെ ജോസഫ്

By Web TeamFirst Published Nov 1, 2019, 12:37 PM IST
Highlights

മേൽക്കോടതിയെ സമീപിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ, ജോസിന്‍റെ ധിക്കാരത്തിനേറ്റ തിരിച്ചടിയെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം. 
 

കോട്ടയം: ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പി ജെ ജോസഫ്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് ജോസിന്‍റ നിലപാടെന്നും തെറ്റ് തിരുത്തിയാല്‍ തിരിച്ചുവരാമെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് മാറ്റമില്ലെന്നും  പി ജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനത്തിലുള്ള സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ് കോടതിയുടെ വിധി. മേൽക്കോടതിയെ സമീപിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ, ജോസിന്‍റെ ധിക്കാരത്തിനേറ്റ തിരിച്ചടിയെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം. 

കേരള കോണ്‍ഗ്രസ് ബദൽ സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്ത് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമായിരുന്നു ജോസഫ് പക്ഷത്തിന്‍റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. സ്റ്റേ തുടരുമെന്ന് വിധിച്ച കട്ടപ്പന സബ് കോടതി കീഴ്കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. 

click me!