'മരടി'ൽ ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിൽ: വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി

By Web TeamFirst Published Sep 9, 2019, 12:30 PM IST
Highlights

വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറിയും വ്യക്തമാക്കി.

കൊച്ചി/ദില്ലി: മരട് ഫ്ലാറ്റ് വിഷയത്തിൽ വീണ്ടും റിട്ട് ഹർജിയുമായി ഫ്ലാറ്റുടമകൾ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റുടമകൾ പുതിയ റിട്ട് ഹ‍ർജി ഫയൽ ചെയ്തത്. ഫ്ലാറ്റുകൾ നിർമ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്. 

വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി  കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. അപ്പാർട്ട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവ‌ർ. സ‌ർക്കാരും ന​ഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു.

അതേ സമയം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. മരട് നഗരസഭ ചെയ‌ർപേഴ്സണുമായി നടത്തിയ ച‍‌‌ർച്ചയ്ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയർപേഴ്സണും വ്യക്തമാക്കി. നടപടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. മരടിലെ ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് നേരിട്ട് സന്ദർശിക്കും. 

ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ 30 കോടി രൂപയെങ്കിലും വേണമെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും ചെയര്‍പേഴ്‍സണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ന​ഗരസഭ ബാധ്യസ്ഥരാണെങ്കിലും സാമ്പത്തിക ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നതാണ് പ്രതിസന്ധി. ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സർക്കാർ സഹായം വേണമെന്നും നദീറ വ്യക്തമാക്കിയിരുന്നു. 

മരടിലെ അഞ്ച് ഫ്ലാറ്റുകൾ ഈ മാസം 20-നകം പൊളിച്ചുമാറ്റണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സെപ്റ്റംബർ 23-ന് ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്. 

ഇതിന്‍റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാൻ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുകയാണ്. ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും സര്‍ക്കാര്‍  കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇക്കാര്യത്തിൽ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 

ലോണടക്കണമെങ്കില്‍ കഷ്ടപ്പെടണം; നോട്ടീസായിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് നടന്‍ സൗബിന്‍

 

click me!