
തിരുനന്തപുരം: സ്പീക്കര്‍ സ്ഥാനം രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. സെപ്തംബര്‍ ആറ് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാവും എംബി രാജേഷിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
അതേസമയം എ.എൻ.ഷംസീര്‍ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക. ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
സ്പീക്കര്‍ പദവിയുടെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്: എ.എൻ.ഷംസീര്‍
സ്പീക്കര്‍ പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എഎൻ ഷംസീര്‍. മുൻ വിധിയില്ലാതെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പ്രതികരിച്ചു. സ്പീക്കര്‍ പദവി വ്യക്തിജീവിതത്തിലും പൊതു പ്രവര്‍ത്തകനെന്ന നിലയിലും ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സ്ഥാനമൊഴിയുന്ന സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.
സ്പീക്കര്‍ പദവിയിൽ എഎൻ ഷംസീറിനെ തീരുമാനിച്ചത് മുതൽ ട്രോളോട് ട്രോളാണ്. എല്ലാറ്റിനും മറുപടിയായാണ് നിയുക്ത സ്പീക്കറുടെ പ്രതികരണം. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ പറയും, പക്ഷെ കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുൻ സ്പീക്കര്‍മാരിൽ നിന്ന് ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഷംസീര്‍ പറഞ്ഞു. ജനതാൽപര്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മന്ത്രിയാകുമെന്നാണ് എംബി രാജേഷിന്റെ പ്രതികരണം. ഷംസീറിന് ഇനി തന്നെ ശാസിക്കാനും അനുസരിപ്പിക്കാനുമൊക്കെ ആകുമെന്നും രാജേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam