വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി മുദ്ര പണിതു? എസ്എപി ക്യാമ്പില്‍ നിന്ന് 350 വ്യാജകെയ്‍സ് കൂടി പിടിച്ചു

By Web TeamFirst Published Feb 19, 2020, 6:19 PM IST
Highlights

കാലി കെയ്‍സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് പരിശോധന. എസ്എപി പോഡിയത്തില്‍ പതിച്ചിരുന്ന എംബ്ലം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന. കാലി കെയ്‍സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് പരിശോധന. 

എസ്എപി പോഡിയത്തില്‍ പതിച്ചിരുന്ന എംബ്ലം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്എപി മുദ്ര കാലി കെയ്‍സുകള്‍ ഉരുക്കിയുണ്ടാക്കിയതാണെന്നാണ് സംശയം. പിച്ചളയില്‍ നിര്‍മ്മിച്ച മുദ്രയാണ് പിടിച്ചെടുത്തത്. 350 വ്യാജ കാറ്റ്റിഡ്‍ജും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരമാണ് വ്യാജകാറ്റ്റിഡ്‍ജ് ഉണ്ടാക്കിയത്. വ്യാജ കാറ്റ്റിഡ്‍ജ് ഉണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെടിയുണ്ട കാണാതായ സംഭവത്തില്‍ 11 പൊലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശിച്ചിരുന്നു. കേസിന്‍റെ അന്വേഷണത്തിനായി ഐജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്‍പി ഷാനവാസ് കേസ് അന്വേഷിക്കും. 

Read Also: വെടിയുണ്ടകൾ കാണാതായ സംഭവം: പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദ്ദേശം

അതേസമയം, കേരള പൊലീസിന്‍റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

Read Also: തോക്കും തിരയും കാണാതായ സംഭവം: സിബിഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് ഹൈക്കോടതി

click me!