കൊച്ചി: കേരള പൊലീസിന്‍റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. തോക്കും തിരയും കാണാതായ സംഭവത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നു ചോദിച്ച കേരള ഹൈക്കോടതി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും വ്യക്തമാക്കി. 

അതിനിടെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സമാന ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലെത്തി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്ര കൈമള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് നേരത്തെ കേരള ഹൈക്കോടതി തള്ളിയത്.