
കൊച്ചി: ഗര്‍ഭിണിയെ മുഖത്തടിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പൊലീസ് സേനയിലെ സ്ഥിരം വില്ലന്‍. എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ ഉച്ചവിശ്രമത്തിനിടെ പ്രതാപചന്ദ്രന്‍ മുഖത്തടിച്ചെന്നും കള്ളക്കേസെടുത്തെന്നുമുള്ള സ്വിഗി ജീവനക്കാരന്‍റെ പരാതിയില്‍ ഇന്നും അന്വേഷണം തുടരുകയാണ്. പൊലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ നിയമവിദ്യാര്‍ഥിനിയും രംഗത്തുവന്നു. പ്രതാപചന്ദ്രന്‍ 2023ല്‍ മര്‍ദ്ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു പാലക്കാട് സ്വദേശിയുടെ ആരോപണം.
ഇടിയന്‍ പൊലീസെന്ന വിശേഷണം എന്തുകൊണ്ടും പ്രതാപചന്ദ്രന് ചേരുമെന്നാണ് പൊലീസ് സേനക്കുള്ളിലും പുറത്തും പരക്കേയുള്ള സംസാരം. പെട്ടന്ന് ദേഷ്യം പിടിക്കും സംശയമുള്ളവരെയൊക്കെ പൊതിരെ തല്ലും, ഗര്‍ഭിണിയായ സ്ത്രീ മാത്രമല്ല ഇയാളുടെ മര്‍ദ്ദനത്തിന് ഇരയായത്. 2023 ഏപ്രില്‍ ഒന്ന് ഒരിക്കലും മറക്കില്ല കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ കാക്കനാട് സ്വദേശി റെനീഷ്. ജോലിക്കിടെ എറണാകുളം നോര്‍ത്ത് പാലത്തിനടയില്‍ ഉച്ചവിശ്രമത്തിലായിരുന്ന റെനീഷിനെ ഒരു കാരണവുമില്ലാതെ പ്രതാപചന്ദ്രനും മറ്റ് പൊലീസുകാരും മര്‍ദ്ദിച്ചു. സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. പരാതി നല്‍കിയിട്ടും ഒരു ഫലവുമില്ലെന്നും പൊലീസുകാരെ ഇന്ന് കാണുമ്പോള്‍ വെറുപ്പാണെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തായ സബ് ഇന്‍സ്പെക്ടറെ കാണാന്‍ സ്കൂട്ടറിലെത്തിയ നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രതാപ ചന്ദ്രനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു. കൊച്ചിയില്‍ ബിജെപി കൗണ്‍സിലറായി മത്സരിച്ച പ്രീതി, പ്രതാപചന്ദ്രനെതിരെ ഇപ്പോഴും നിയമനടപടി തുടരുകയാണ്. ഇതുകൊണ്ടും തീരുന്നില്ല. 2023ല്‍ പ്രതാപ ചന്ദ്രനുള്‍പ്പെടെയുള്ള പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തി പാലക്കാട് പാഞ്ഞാര്‍ സ്വദേശി സനൂപും രംഗത്തുവന്നു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു റോഡിലും പൊലീസ് സ്റ്റേഷനിലുമെത്തിച്ചുള്ള മര്‍ദ്ദനം. മോശം ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥര്‍ സേനയിലുണ്ടാവില്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുമ്പോഴാണ് ഒരേ ഉദ്യോഗസ്ഥനെതിരെ ഒന്നിലേറെ പരാതികളിങ്ങനെ പൊതുജനമുന്നയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam