സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്ക് ക്ഷേത്രത്തിന് നിക്ഷേപം തിരികെ നൽകി. പലിശ അടക്കം 7.28 കോടി രൂപയാണ് ബാങ്ക് കൈമാറിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പണം നൽകിയത്

കൽപ്പറ്റ: വയനാട് തിരുനെല്ലി ക്ഷേത്രത്തിൻറെ നിക്ഷേപം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് മടക്കി നൽകി. പലിശ അടക്കം 7.28 കോടി രൂപയാണ് തിരുനെല്ലി സഹകരണ ബാങ്ക് ക്ഷേത്രത്തിന് നൽകിയത്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പണം നൽകിയത്. മാനന്തവാടി അർബൻ ബാങ്ക്, ടെമ്പിൾ എംപ്ലോയീസ് യൂണിയനും ക്ഷേത്രത്തിൻ്റെ പണം തിരികെ നൽകി. 

സഹകരണ ബാങ്കുകളും സംഘങ്ങളും ക്ഷേത്രത്തിൻറെ സമ്പാദ്യം തിരികെ നൽകാത്തത് വൻ വിവാദമായിരുന്നു. ക്ഷേത്രത്തിലെ പണം ദൈവത്തിന്റെതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. നേരത്തെ ഹൈക്കോടതിയും പണം ക്ഷേത്രത്തിന് തിരികെ നൽകാനാണ് വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും തിരിച്ചടി നേരിട്ടു. ഇതോടെയാണ് പണം ക്ഷേത്രത്തിന് തിരികെ നൽകാൻ തീരുമാനിച്ചത്.