
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കിഴക്കെകതിരൂരിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാൾക്ക് കൊവിഡ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം വന്നു. യുവചേതന ക്ലബ്ബിന് സമീപത്തെ മറിയാസിൽ മുഹമ്മദിനാണ് (63) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് മാത്രം നാല് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ചെങ്ങന്നൂർ നഗരത്തിൽ കുടനിർമ്മാണം നടത്തിവരുകയായിരുന്നു ബിനൂരി. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇന്നലെ മരിച്ച മുഹമ്മദ് കോയക്കും ആനി ആന്‍റണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് ക്വാറന്‍റീനില്‍ കഴിയവേയാണ് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ മരിച്ചത്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. നേരത്തെ കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗർഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗർഭിണിയുടെ നാല് ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസിയായിരുന്നു മരിച്ച ആനി ആന്‍റണി. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam