
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ. ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേരിയറ്റ് പടിക്കലാണ് ബിഎംഎസ് യൂണിയൻ സമരം തുടങ്ങുന്നത്.
കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കുക, കെ സ്വിഫ്റ്റിനെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി എഐടിയുസി ഇന്ന് വിളിച്ച ബഹുജന കൺവെൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിഐടിയുവിന്‍റെ അനിശ്ചിതകാല സമരവും ഐഎൻടിയുസിയുടെ രാപ്പകൽ സമരവും രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. അതേസമയം, കൂടുതൽ സർക്കാർ സഹായമില്ലാതെ ശമ്പള വിതരണത്തിലേക്ക് കടക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്.
Also Read: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ
കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ നൽകി സർക്കാർ
കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.
മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.