2006 മാർച്ച് 7 ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഗാസിയാബാദ്: വാരണാസി സ്‌ഫോടന പരമ്പര കേസിൽ (Varanasi Blast case) മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന് (Waliullah Khan) വധശിക്ഷ വിധിച്ച് ഗാസിയാബാദ് കോടതി. സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ രണ്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 18 പേർ കൊല്ലപ്പെട്ട കേസിലാണ് വിധി. 

സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലായി കൊലപാതകം, കൊലപാതകശ്രമം, ആയുധങ്ങളുപയോഗിച്ച് ആക്രമിക്കല്‍, സ്ഫോടക വസ്തു നിയമം എന്നീ കുറ്റങ്ങളാണ് മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാനെതിരെ യുപി പോലീസ് ചുമത്തിയിരുന്നത്. വിചാരണയില്‍ മൂന്നില്‍ രണ്ട് കേസുകളിലും കുറ്റക്കാരനെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സംഭവം നടന്ന് 16 വർഷങ്ങൾക്കിപ്പുറം ശിക്ഷാവിധി. ഗാസിയാബാദ് ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് മുഹമ്മദ് വാലിയുള്ള ഖാന്‍. വാലിയുള്ള ഖാനെ കൂടാതെ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട മുസ്തഫീസ്, സക്കറിയ, വസീർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. നാലാം പ്രതിയായ മുഹമ്മദ് സുബൈർ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ആകെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2006 മാർച്ച് ഏഴിന് പതിനഞ്ച് മിനിറ്റിന്‍റെ ഇടവേളകളിലാണ് വാരാണസി നഗരത്തില്‍ രണ്ടിടങ്ങളില്‍ സ്ഫോടനം നടന്നത്. ബനാറസ് ഹിന്ദു സർവകലാശാലയ്ക്കടുത്തുള്ള സങ്കട് മോചന്‍ ക്ഷേത്രത്തിലും വാരണസി റെയില്‍വേ സ്റ്റേഷനിലും നടന്ന സ്ഫോടനത്തില്‍ പതിനെട്ട് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2006 മാർച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന്റെ റെയിലിങ്ങുകൾക്ക് സമീപം കുക്കർ ബോംബും കണ്ടെത്തി. 

വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. 2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക ദൗത്യസേന, വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തി.