ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്. ഇയാളുടെ ശമ്പളത്തില്‍ നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് മാസവും ഈ തുക ബാങ്കില്‍ അടച്ചില്ല.

ആലപ്പുഴ: ശമ്പളത്തില്‍ നിന്ന് പിടിച്ച ഭവന വായ്പ കെഎസ്ആര്‍ടിസി (KSRTC) ബാങ്കില്‍ അടക്കാ‌ഞ്ഞത് മൂലം ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പ മുഴുവന്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ഫണ്ടില്ലാത്തത് കൊണ്ട് വായ്പ അടക്കാന്‍ കഴിഞ്ഞില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായീകരണം

പാതിവഴിയില്‍ നിര്‍മാണം നിലച്ച സ്വപ്ന ഭവനത്തിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാർ. നാല് വര്‍ഷം മുമ്പാണ് കലവൂര്‍ ആര്യാട് നോര്‍ത്ത് കോളനിയില്‍ കുടുംബ സ്വത്തായി ലഭിച്ച പത്ത് സെന്‍റില്‍ വീട് പണി തുടങ്ങിയത്. സഹകരണ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത്. ആദ്യമെല്ലാം മാസത്തവണ നേരിട്ട് അടച്ചു. പിന്നീട് രാജീവ് ജോലി ചെയ്യുന്ന ഹരിപ്പാട് ഡിപ്പോ വഴി ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ ബാങ്കിന് അനുവാദം നല്‍കി. പക്ഷെ അടുത്തിടെ ബാങ്കില്‍ നിന്ന് വന്ന ഒരു കത്ത് കണ്ടതോടെ രാജീവ് ഞെട്ടി. രണ്ടാഴ്ചക്കകം നാല് ലക്ഷത്തി എണ്‍പത്തി ഒന്നായിരം രൂപ അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യും. ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോഴാണ് രാജീവ് സത്യമറിഞ്ഞത്. ശമ്പളത്തില്‍ നിന്ന് ഡിപ്പോ ഉദ്യോഗസ്ഥര്‍ തുക പിടിച്ചെങ്കിലും കഴിഞ്ഞ 5 മാസമായി ഒരു പൈസ പോലും ബാങ്കിലെത്തിയിട്ടില്ല.

Also Read : മെയ് മാസത്തെ ശമ്പളം; സര്‍ക്കാരിനോട് വീണ്ടും സഹായം തേടി കെഎസ്ആർടിസി, 65 കോടി ആവശ്യപ്പെട്ട് കത്ത് നൽകി

വീടിന് ഇനിയും ഏറെ പണികള്‍ ബാക്കിയുണ്ട്. ഭാര്യയും മകളും ഭാര്യമാതാവും അടങ്ങുന്ന കുടുംബത്തി‍ന്‍റെ ഏക ആശ്രയമാണ് രാജീവ്. കുടിശിക തുക എപ്പോള്‍ അടക്കുമെന്ന് പോലും ഉദ്യോഗസ്ഥര്‍ പറയുന്നില്ല.

Also Read : കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം, ഇറക്കിവിട്ട കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗം ബസിന് കല്ലെറിഞ്ഞു