
കൊച്ചി: ട്വന്‍റി20 യുടെ എൻഡിഎ പ്രവേശനത്തോടെ സംസ്ഥാനത്തിന്‍റെയാകെ ശ്രദ്ധ പതിയുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്. സാബു ജേക്കബ് എന്ന വ്യവസായി രാഷ്ട്രീയ പരീക്ഷണം തുടങ്ങിയ കുന്നത്തുനാട്ടിൽ അതിശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറിയും കളമൊരുങ്ങുന്നത്. എൽഡിഎഫിനും യുഡിഎഫിനും വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച അതേ സ്ഥാനാർത്ഥികൾ വീണ്ടും ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
പണ്ട് പറഞ്ഞതെല്ലാം മറന്ന് ബിജെപിക്ക് കൈ കൊടുത്തിരിക്കുകയാണ് സാബു ജേക്കബ്. സ്വന്തം തട്ടകമായ കുന്നത്തുനാട്ടിൽ ബിജെപിക്ക് ഒപ്പം നിന്നുള്ള സാബുവിന്‍റെ രാഷ്ട്രീയ പരീക്ഷണത്തിന്‍റെ ഫലപ്രവചനത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ പ്രധാനമാണ്. 2021ൽ കുന്നത്തുനാട്ടിൽ ജയിച്ച എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിന് കിട്ടിയത് 52 ,351 വോട്ടാണ്. രണ്ടാം സ്ഥാനക്കാരൻ യുഡിഎഫിലെ വി പി സജീന്ദ്രന് കിട്ടിയത് 49,636 വോട്ടുകൾ ലഭിച്ചു. ഒറ്റയ്ക്ക് മൽസരിച്ച ട്വന്‍റി 20 സ്ഥാനാർഥി സുജിത് പി സുരേന്ദ്രൻ പിടിച്ചത് 42,701 വോട്ടുകൾ. ബിജെപി സ്ഥാനാർഥി രേണു സുരേഷിന് കിട്ടിയത് 7218 വോട്ടുകളും.
കഴിഞ്ഞതവണ രണ്ടായി മത്സരിച്ച ബിജെപിയും ട്വന്‍റി 20യും ഇക്കുറി ഒന്നിച്ച് മത്സരിക്കുമ്പോൾ ഫലം എങ്ങനെ മാറിമറിയും എന്നതാണ് പ്രധാന ചോദ്യം. കണക്കു നോക്കിയാൽ കഴിഞ്ഞതവണ ബിജെപിക്കും ട്വന്‍റി 20 ക്കും കിട്ടിയ വോട്ടുകൾ കൂട്ടുമ്പോൾ കിട്ടുന്ന 49,919 എത്തും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയതിനേക്കാൾ 283 വോട്ടുകളുടെ മേൽക്കൈ ട്വന്‍റി 20 ക്കും ബിജെപിക്കുമായി കുന്നത്തുനാട്ടിലുണ്ടെന്ന് ചുരുക്കം. ഇതാണ് ആഞ്ഞു പിടിച്ചാൽ കുന്നത്തുനാട്ടിൽ ജയിക്കാമെന്ന എൻഡിഎ പ്രതീക്ഷകളുടെ അടിസ്ഥാനം. പക്ഷേ ഒന്നും ഒന്നും കൂട്ടുമ്പോൾ രാഷ്ട്രീയത്തിലെപ്പോഴും ഉത്തരം രണ്ട് തന്നെ ആകണമെന്നില്ല.
മൂന്നു രാഷ്ട്രീയ പാർട്ടികളോടും ഒരേ അകലം പാലിച്ച് ഒറ്റയ്ക്കു വഴി വെട്ടി വന്ന സാബുവിനോടും ട്വന്‍റി 20യോടും ജനങ്ങൾക്കുണ്ടായിരുന്ന ആഭിമുഖ്യം ബിജെപി മുന്നണിക്കൊപ്പം നിൽക്കുമ്പോൾ ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. ക്രൈസ്തവ , മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലെ പരമ്പരാഗത കോൺഗ്രസ്, സിപിഎം അനുഭാവികളുടെയടക്കം വലിയൊരു പങ്ക് വോട്ടുകൾ ട്വന്‍റി 20ക്ക് കുന്നത്തുനാട്ടിൽ കഴിഞ്ഞ തവണ കിട്ടിയിരുന്നു. ബിജെപിക്കൊപ്പം നിൽക്കുന്ന ട്വന്‍റി 20ക്ക് ആ പിന്തുണ നിലനിർത്താൻ കഴിഞ്ഞാൽ കുന്നത്തുനാട്ടിലൊരു പക്ഷേ അത്ഭുതങ്ങൾ സംഭവിക്കാം. എന്നാൽ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപി സഖ്യം ട്വന്‍റി 20ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇടത് വലത് മുന്നണികൾ.
എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ പി വി ശ്രീനിജിനും യുഡിഎഫിനായി മുൻ എംഎൽഎ വി പി സജീന്ദ്രനും വീണ്ടും മൽസരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ട്വന്‍റി 20 കഴിഞ്ഞ തവണ പിടിച്ച വോട്ടുകൾ കൂടുതൽ നഷ്ടമുണ്ടാക്കിയത് യുഡിഎഫിനാണ്. അതുകൊണ്ടു തന്നെ ബിജെപി സഖ്യത്തിലൂടെ ട്വന്‍റി 20യിൽ നിന്ന് ചോരാനിടയുള്ള വോട്ടുകൾ കൂടി ചേർത്ത് മണ്ഡലം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം കൂടിയിട്ടുണ്ട് യുഡിഎഫ് ക്യാമ്പിൽ. അഞ്ചു വർഷക്കാലം സാബു ജേക്കബിനോട് നേരിട്ടേറ്റു മുട്ടി നിന്ന പി വി ശ്രീനിജിന് മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സ്വാധീനമുയർത്താനായെന്ന വിലയിരുത്തലാണ് സീറ്റ് നില നിർത്താമെന്ന ഇടത് ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം. കുന്നത്തുനാട് സീറ്റ് ട്വന്‍റി 20യ്ക്ക് തന്നെയെന്ന് എൻഡിഎയിൽ ധാരണയായിട്ടുണ്ട്. സ്ഥാനാർഥിയാരാണെങ്കിലും മൽസരം നയിക്കുക സാബു ജേക്കബ് തന്നെയാകും. ജയിച്ചാലും തോറ്റാലും സാബുവും ട്വന്‍റി 20യും ചരിത്രമാവുകയും ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam