സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

Published : Nov 01, 2023, 10:48 PM ISTUpdated : Nov 01, 2023, 11:50 PM IST
സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

Synopsis

അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീല ഓംചേരി. 

തിരുവനന്തപുരം: പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലായിരുന്നു അന്ത്യം. അശോക് വിഹാറിലെ വസതിയില്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്ന ലീല ഓംചേരിയുടെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാകുകയായിരുന്നു.

സെന്‍റ് സ്റ്റിഫന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, എസ് ഡി ഓംചേരി എന്നിവര്‍ മക്കളാണ്. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീല ഓംചേരി.

തിരുവതാംകൂറിലെ തിരുവട്ടാറില്‍ നിന്ന് സംഗീത പാരമ്പര്യവുമായി ദില്ലിയിലെത്തി കേരളീയകലകളുടെ കാവലാളായി മാറിയ പ്രതിഭയായിരുന്നു ലീല ഓംചേരി. 2009ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ലീല ഓംചേരി കേരളീയ കലകളെ കുറിച്ചുള്ള നിരവധി പുസ്കകങ്ങളുടെയും രചയിതാവാണ്. ദില്ലിയിലെ കലാസാഹിത്യ രംഗത്ത് അവസാന കാലം വരെയും ലീല ഓംചേരി സജീവമായിരുന്നു.

ദില്ലിയിലെ ഒരു സാംസ്കാരിക  മേല്‍വിലാസമാണ് അശോക് വിഹാറിലെ ഓംചേരിയുടെ വസതി. എപ്പോഴും കേരളീയ കലകളും സംഗീതവും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷം. അവസാനകാലം വരെ മലയാളമെന്ന മഹാപാരമ്പര്യത്തിന്‍റെ ദേശീയ തലത്തിലെ അംബാസിഡറായി അവസാന കാലം വരെ ലീല ഓംചേരി സജീവമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു മുതലുള്ള എല്ലാ രാഷ്ട്ര നേതാക്കള്‍ക്ക് മുന്നിലും കേരളീയ കലകള്‍ക്ക് പ്രോത്സാഹനം തേടി  ലീല ഓംചേരി നിരന്തരമെത്തി.

തിരുവട്ടാറിലെ മാങ്കോയിക്കല്‍ വീട്ടില്‍ സഹോദരന്‍ കമുകറ പുരുഷോത്തമനൊപ്പം തുടങ്ങിയ സംഗീത ജീവിതം നാടകകൃത്ത് ഓംചേരി എന്‍എന്‍ പിള്ളയെ വിവാഹം ചെയ്തതോടെ കൂടുതല്‍ സജീവമായി. രാജ്യതലസ്ഥാനത്തെത്തിയ ലീല ഓംചേരി ദില്ലി സര്‍വകലാശാല അധ്യാപികയായി. സംഗീതത്തില്‍ ഡോക്ടറ്റ് നേടി.കര്‍ണ്ണാടക സംഗീത വിഭാഗം മേധാവിയായാണ് വിരമിച്ചത്.  നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് കേരളീയ കലാപാരമ്പര്യം പകര്‍ന്ന് നല്‍കിയത്.

ഓംചേരിയുമൊത്ത് ദില്ലിയിലെ പല  കാലാസാംസ്കാരിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിനും ലീല ഓംചേരി പ്രധാന പങ്ക് വഹിച്ചു. പദ്മ്ശ്രീക്കൊപ്പം കേന്ദ്ര കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളടക്കം നിരവധി പുരസ്താരങ്ങള്‍ ലീല ഓംചേരിയെ തേടിയെത്തി. കേരളത്തിലെ ലാസ്യ രചനകള്‍, ലീലാ‍ഞ്ജലി തുടങ്ങി നിരവധി കൃതികള്‍ ലീല ഓംചേരിയുടേതായുണ്ട്. മലയാളത്തെയും കേരളത്തെയും ജീവനോളം സ്നേഹിച്ച ലീല ഓംചേരിയുടെ വിയോഗം ഒരു കേരളപ്പിറവി ദിനത്തിലായെന്നതും യാദൃശ്ചികമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്