
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാൻ മുൻകൈ എടുക്കില്ലെന്ന് മുസ്ലീംലീഗ്. ജോസുമായി മുസ്ലീംലീഗ് ചർച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചർച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.
ജോസ് കെ മാണിക്ക് മുന്നിൽ യുഡിഎഫ് വാതിൽ പൂർണ്ണമായും കൊട്ടിയടക്കുകയാണ്. ജോസ് ജോസഫ് തർക്കം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്ത മുസ്ലീംലീഗും ജോസ് വിഭാഗത്തെ കൈവിട്ട അവസ്ഥയാണ്. വിട്ടുവീഴ്ച ചെയ്യാത്ത ജോസ് കെ മാണിയോടുള്ള നിലപാടിൽ ഒരു പിന്നോട്ട് പോക്കും വെണ്ടെന്നാണ് മുസ്ലീം ലീഗിന്റെ പക്ഷം.
മറുപക്ഷത്ത് എൽഡിഎഫ് ജോസ് കെ മാണി വിഭാഗവുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം വൈകുകയാണ്. സർക്കാരിനെതിരെ ആരോപണം ശക്തമായ സാഹചര്യത്തിൽ ജോസ് വിഭാഗത്തിലെ ഒരു വിഭാഗം എൽഡിഎഫ് പ്രവേശത്തിന് എതിരാണ്.
കേന്ദ്രത്തിൽ യുപിഎയുടെ ഭാഗമായതിനാൽ ഹൈക്കമാൻഡ് പ്രശ്നത്തിൽ ഇടപെടുമെന്നാണ് ഈ വിഭാഗം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടെ ചിഹ്നം അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നിയമനടപടികളിലായി നേതൃത്വത്തിന്റെ ശ്രദ്ധ. ആശയക്കുഴപ്പത്തിലാണ് അണികളും നേതൃത്വവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam