ആ‍ർഎസ്എസ് പരിപാടിയിലെ പങ്കാളിത്തം : കെ.എൻ.എ.ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്

Published : Jun 26, 2022, 02:32 PM ISTUpdated : Jun 26, 2022, 02:33 PM IST
ആ‍ർഎസ്എസ് പരിപാടിയിലെ പങ്കാളിത്തം : കെ.എൻ.എ.ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്

Synopsis

ശ്രദ്ധക്കുറവുണ്ടായെന്ന് ലീഗിന്റെ വിലയിരുത്തൽ, മറ്റ് നടപടികളുണ്ടാകില്ല; അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് കെ.എൻ.എ.ഖാദർ

മലപ്പുറം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ.ഖാദറിന് താക്കീത്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് ഖാദറിനെ താക്കീത് ചെയ്തത്. അതേസമയം കെ.എൻ.എ.ഖാദറിനെതിരെ മറ്റ് നടപടികളുണ്ടാകില്ല. തീരുമാനം അംഗീകരിക്കുന്നുവെന്ന് ഖാദർ വ്യക്തമാക്കി. പറയാനുള്ളതെല്ലാം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. പാർട്ടി നിർദേശം ശിരസ്സാവഹിക്കുന്നുവെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും കെ.എൻ.എ.ഖാദർ വ്യക്തമാക്കി.

കോഴിക്കോട് കേസരിയില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്തതിന് പിന്നാലെയാണ് കെ.എൻ.എ.ഖാദറിനെതിരെ പ്രതിഷേധം ഉയർന്നത്. ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന്‍റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ വികാരം. മതസൗഹാര്‍ദ്ദ പരിപാടികളിലും സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റ് വാങ്ങുകയും ചെയ്ത നടപടി ലീഗിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഖാദറിൽ നിന്ന് നേതൃത്വം വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണം സ്വീകരിച്ചാണ് ഖാദറിനെതിരായ നടപടി താക്കീതിൽ ഒതുക്കിയത്. 

വയനാട്ടില്‍ പാര്‍ട്ടി പ്രവര്‍ക്കരെ അഭിസംബോധന ചെയ്യുന്നതിനിടെ കെഎന്‍എ ഖാദര്‍ വിഷയത്തില്‍ സാദിഖ് അലി തങ്ങള്‍ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. ലീഗുകാര്‍ അച്ചടക്കമുളളവരാണ്. ആരെങ്കിലും ക്ഷണിച്ചാല്‍ അവിടേക്ക് പോകാന്‍ പറ്റുന്നതാണോ എന്ന് ചിന്തിക്കണമെന്നായിരുന്നു സാദിഖ് അലി തങ്ങളുടെ വാക്കുകള്‍. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളെല്ലാം സ്വീകരിച്ചുവന്ന നിലപാടിനെ അട്ടിമറിക്കുന്നതായി ഖാദറിന്‍റെ നിലപാടെന്ന് മുനീറും പ്രതികരിച്ചു. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച കെ.എന്‍.എ.ഖാദറിന്‍റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കം, ശാസ്ത്രീയ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മേയർ
മുനമ്പം വഖഫ് ഭൂമി തർക്കം: ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി