മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) പൊലീസ് പിടികൂടിയത്
മലപ്പുറം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ ഒരാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) പൊലീസ് പിടികൂടിയത്. ആതവനാട് കാട്ടിലങ്ങാടിയില്‍ ഇയാള്‍ നടത്തുന്ന ഹോട്ടലുമായി ബന്ധപ്പെടുത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകള്‍ക്ക് ഇയാൾ നടത്തുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കിയതിനെ തുടര്‍ന്ന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹോട്ടൽ അടപ്പിച്ചുവെന്നും പിന്നീട് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം.
ഹോട്ടലിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച ഇയാള്‍, ഇത് പാകിസ്ഥാനാണോ എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ തനിക്ക് പിന്തുണ നല്‍കാന്‍ കൂട്ടായ്മ രൂപീകരിക്കണമെന്നും സഹകരിക്കുന്നവര്‍ ബന്ധപ്പെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്‍റെ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ മുന്‍പും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


