'അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്'; പി മോഹനനെ തള്ളി എം വി ഗോവിന്ദന്‍

By Web TeamFirst Published Jan 24, 2020, 1:00 PM IST
Highlights

അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാർട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും സംബന്ധിച്ച, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയെ തള്ളി പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ രംഗത്ത്. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാർട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. അലന്‍റേയും താഹയുടേയും ഭാഗം കേൾക്കാതെ അവർ മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം പി മോഹനന്‍ പറഞ്ഞത് വിവാദമായിരുന്നു.

യുഎപിഎ വകുപ്പ് പ്രകാരം  അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയാണെന്ന്  പി മോഹനന്‍ പറഞ്ഞിരുന്നു. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല.  ഇരുവരുടെയും ഭാഗം കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും പി ജയരാജനയും തള്ളി പി മോഹനന്‍ രംഗത്ത് എന്ന രീതിയിലാണ് പിന്നാലെ ചര്‍ച്ചകളുണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു. 

Read Also: 'ജില്ലാ സെക്രട്ടറിയുടേത് പിണറായിയുടെ നിലപാടിന് വിരുദ്ധം'; പന്തീരാങ്കാവ് കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ചെന്നിത്തല

എന്നാല്‍, പ്രസ്താവന വിവാദമായതോടെ, താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണമാണ്  പി മോഹനന്‍  നല്‍കിയത്. പറഞ്ഞ കാര്യം പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍ ആരോപിക്കുകയും ചെയ്തു. 

Read Also: 'പറഞ്ഞകാര്യം ജില്ലാ സെക്രട്ടറി തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം': പന്തീരാങ്കാവ് കേസില്‍ എം കെ മുനീര്‍

പി മോഹനന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ, അലന്‍റെയും താഹയുടെയും വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നതയില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. മോഹനന്‍ മാഷ് അങ്ങനെ പറയാന്‍ സാധ്യതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ല; ഇ പി ജയരാജൻ

സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജനും പ്രതികരിച്ചു. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒറ്റനിലപാടാണ് ഉള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

Read Also: 'സിപിഎം മറപറ്റി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചു'; നിലപാടിൽ ഉറച്ച് പി ജയരാജൻ


 

click me!