മലയാളം സര്‍വ്വകലാശാല വിവാദം: ക്യാമ്പസ് നിര്‍മ്മാണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു

By Web TeamFirst Published Sep 25, 2019, 5:26 PM IST
Highlights

മലയാളം സര്‍വ്വകലാശാലക്കു വേണ്ടി മലപ്പുറം തിരൂര്‍ വെട്ടത്ത് ചതുപ്പുനിലവും കണ്ടല്‍ക്കാടും ഏറ്റെടുക്കുന്നതിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.വയല്‍ഭൂമി കരഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങളൊഴിവാക്കാനായിരുന്നു സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ശ്രമം.

ദില്ലി: മലയാളം സർവകലാശാല ക്യാമ്പസ് നിർമാണത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെടുന്നു. നിർമാണങ്ങൾ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണോ എന്ന് പരിശോധിക്കാൻ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിനായി വിദഗ്‍ധ സമിതിക്കും ഹരിത ട്രൈബ്യൂണൽ രൂപം നൽകി.

സംസ്ഥാനത്തെ വെറ്റ്ലാന്റ് അതോറിറ്റി, തീരപരിപാലന അതോറിറ്റി ഉദ്യോഗസ്ഥർ, ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ എന്നിവരാണ് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്‍ധ സമിതിയിലെ അംഗങ്ങള്‍.  തിരൂരിലെ മലയാളം സർവ്വകലാശാലക്കായുള്ള നിർമാണം പരിസ്ഥിതി നിയമം ലംഘിച്ചാണെങ്കിൽ അതിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നും സമിതി പരിശോധിക്കും. സമിതി നൽകുന്ന റിപ്പോർട്ടനുസരിച്ച് നടപടിയെടുക്കാന്‍, അതത് വകുപ്പുകൾക്ക് അയച്ചുകൊടുക്കണമെന്ന്  രജിസ്ട്രിയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ടിന്മേലുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച് ഡിസംബർ 18ന് ട്രൈബ്യൂണൽ പരിശോധന നടത്തും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഈ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായിരിക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മലയാളം സര്‍വ്വകലാശാലക്കു വേണ്ടി മലപ്പുറം തിരൂര്‍ വെട്ടത്ത് ചതുപ്പുനിലവും കണ്ടല്‍ക്കാടും ഏറ്റെടുക്കുന്നതിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

Read Also: മലയാളം സര്‍വ്വകലാശാലയ്‌ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍തട്ടിപ്പ്

കുറഞ്ഞ വിപണി വിലയുള്ള ഭൂമി വന്‍ തുക ഉന്നയിച്ച് ഏറ്റെടുക്കാനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഒരിടവേളക്കു ശേഷം അതേ ഭൂമി തന്നെ വിലകുറച്ച് ഏറ്റെടുക്കാന്‍  തീരുമാനമായി. 2018 നവംബര്‍ രണ്ടിനാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരിയിലെ 11.15 ഏക്കർ 
ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കണ്ടല്‍ക്കാടുകള്‍ ഒഴിവാക്കിയുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നതെന്നാണ് അന്ന് സര്‍ക്കാര്‍ അറിയിച്ചത്. 

എന്നാല്‍,  വയല്‍ നികത്തിയ ചതുപ്പ്നിലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് തെളിഞ്ഞു. വയല്‍ഭൂമി കരഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങളൊഴിവാക്കാനായിരുന്നു സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ശ്രമം. ഇതേത്തുടര്‍ന്ന്, ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. 3000 രൂപ മതിപ്പ് വിലയുള്ള ഭൂമിയാണ് 1.60 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരൂരിലെ ഇടതുനേതാവും ഒരു ഭരണപക്ഷ എംഎല്‍എയുടെ ബന്ധുക്കളും ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 

Read Also: ഭൂമി മതിപ്പ് വില 3000 വാങ്ങുന്നത് 1.60 ലക്ഷത്തിന്; മലയാളം സര്‍വ്വകലാശാലയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം

സംഭവത്തില്‍ മന്ത്രി കെടിജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഭൂമി വാങ്ങാൻ തീരുമാനിച്ചത് യുഡി എഫ്‌സർക്കാരിന്‍റെ കാലത്താണെന്നും എല്‍ഡിഎഫ് സർക്കാർ സ്ഥലത്തിന്‍റെ വില കുറയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന് ജലീൽ നല്‍കിയ മറുപടി. 

click me!